malappuram local

സൈനുദ്ദീന്‍ മഖ്ദൂം സ്മാരകം അവഗണനയില്‍

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: ചരിത്രകാരനും കവിയും പണ്ഡിതനുമായ സൈനുദ്ദീന്‍ മഖ്ദൂം അവഗണനയുടെ നിഴലില്‍. മഖ്ദൂമുമാര്‍ രചിച്ച വിവിധ പുസ്തകങ്ങളുടെ കൈയ്യെഴുത്തു പ്രതികള്‍ പൊന്നാനി വലിയ ജുമാമസ്ജിദില്‍ സൂക്ഷിച്ചിരുന്നത് നശിച്ചതായാണ് വിവരം. ഈ വിഷയത്തില്‍ പഠനത്തിലേര്‍പ്പെട്ട മഖ്ദൂം കുടുംബാംഗമായ പ്രഫ. ഇമ്പിച്ചിക്കോയ തങ്ങളുടെ ഗ്രന്ഥങ്ങള്‍ പലതും വായിക്കാനാവാത്ത നിലയിലാണ്. പുതിയ തലമുറയ്ക്ക് മഖ്ദൂം ചരിത്രങ്ങള്‍ ഗവേഷണം നടത്താന്‍ പൊന്നാനിയിലിപ്പോള്‍ വസ്തുവഹകള്‍ അവശേഷിക്കുന്നില്ല എന്നാണ് വിവരം. തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍ എന്ന പ്രഥമ ചരിത്രഗ്രന്ഥവും ഫത്ഹുല്‍ മുഈനും രചിക്കാന്‍ കേന്ദ്രമായ വീട് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ പൊളിച്ചുമാറ്റിയിരുന്നു. സ്മാരക നിര്‍മിതിയാണു ലക്ഷ്യമിട്ടതെങ്കിലും ഒന്നും ഫലപ്രദമായില്ല. സ്മാരകത്തിനു പകരം നിര്‍മിച്ചു നിര്‍മാണം പൂര്‍ത്തിയാവാത്ത കെട്ടിടത്തില്‍ ഒരു സുന്നി വിഭാഗം നേതൃത്വം നല്‍കുന്ന സ്വകാര്യ സ്‌കൂളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പൊന്നാനിയുടെ ചരിത്ര അവശേഷിപ്പ് സൂക്ഷിക്കുന്നതിനു പകരം ഒരു വിഭാഗം സ്വാര്‍ത്ഥ താല്‍പര്യക്കാര്‍ക്കു ഉപയോഗിക്കുന്നതായി പ്രമുഖ ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ കുറ്റപ്പെടുത്തി. വിശ്വവിഖ്യാതനായ ചരിത്രകാരന്‍ മഖ്ദൂമിനോടും അദ്ദേഹത്തിന്റെ ഓര്‍മകളോടും കടുത്ത അവഹേളനമാണ് ബന്ധപ്പെട്ടവര്‍ ചെയ്യുന്നതെന്ന് ചലച്ചിത്ര സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.
പൊന്നാനിയെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കുന്നതിനിടെ പി ടി കുഞ്ഞുമുഹമ്മദിന് ബന്ധപ്പെട്ട വസ്തുതകള്‍ ബോധ്യമായിരുന്നു. സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഗൃഹത്തോടനുബന്ധിച്ചുള്ള അടുക്കളയുടെ ചെറിയൊരു ഭാഗം മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. സ്മാരക നിര്‍മിതി പറഞ്ഞ് 2000ത്തിലാണ് വീട് പൊളിച്ചത്. അന്ന് കേന്ദ്രമന്ത്രിയായിരുന്ന സി എം ഇബ്രാഹീം 30 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നു. ഈ ഫണ്ടില്‍ തിരിമറി നടത്തിയതിന് ഒരു സുന്നി വിഭാഗം നേതാവിനെ മഖ്ദൂമിയ്യ ട്രസ്റ്റില്‍ നിന്നു ഒഴിവാക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ പാതി നിര്‍മാണാവസ്ഥയില്‍ സ്തംഭിച്ച സ്മാരക നിര്‍മാണം ഫണ്ടില്ലാത്തതിനാല്‍ മുന്നോട്ടു നീക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. മഖ്ദൂം ഭവനത്തോടു ചേര്‍ന്ന 500 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്ര പ്രസിദ്ധ മഖ്ദൂം മസ്ജിദ് തകര്‍ച്ചയുടെ വക്കിലാണ്.
Next Story

RELATED STORIES

Share it