സൈനിക മേധാവികളുടെ യോഗം നാളെ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന സൈനിക മേധാവികളുടെ യോഗം നാളെ നടക്കും. കൊച്ചി തീരത്ത് നിന്നും 40 കിലോമീറ്റര്‍ അകലെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലാണ് സേനാമേധാവികളുടെ യോഗം ചേരുന്നത്. രാവിലെ 9.40 മുതല്‍ ഉച്ചയ്ക്ക് 1.15വരെ നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രിയെക്കൂടാതെ കരസേനാ മേധാവി ജനറല്‍ ഹര്‍ബീര്‍ സിങ് സുഹാദ്, എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഷ, നാവികസേനാ മേധാവി ആര്‍ കെ ധോവന്‍ എന്നിവരും വിവിധ സേനകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
രാജ്യാന്തര നയതന്ത്ര മേഖലകളില്‍ നാവിക സേനയുടെ പ്രാധാന്യം കണക്കിലെടുത്താണ് യോഗം ചേരുന്നത്. വിദേശ രാജ്യങ്ങളിലെ നാവിക സേനയുമായി കൂടുതല്‍ ബന്ധം സ്ഥാപിച്ച് നയതന്ത്രമേഖലയില്‍ ഈ രാജ്യങ്ങളുമായി വിശാലമായ ഐക്യം രൂപീകരിക്കാനാണ് ശ്രമം. നയതന്ത്രമേഖലയിലെ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം അനുസരിച്ചാണ് കടല്‍വഴിയുള്ള നയതന്ത്രത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ഇതു വഴി മറ്റു രാജ്യങ്ങളുമായി സൈനിക മേഖലയില്‍ കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. നയതന്ത്ര രംഗത്തെ വിവിധ നാവിക ദൗത്യങ്ങളില്‍ സേനയുടെ പങ്ക് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് യോഗം ചര്‍ച്ചചെയ്യുമെന്ന് നാവികസേനാ വൃത്തങ്ങള്‍ അറിയിച്ചു. സൈനീക ദൗത്യങ്ങളുടെ പ്രമുഖ കേന്ദ്രമായി കൊച്ചിയെ മാറ്റാനുള്ള സാധ്യതകള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും.
സേനയുടെ വിവിധ ദൗത്യങ്ങള്‍ക്ക് ഭൂമിശാസ്ത്രപരമായി അനുയോജ്യമായ സ്ഥലമാണ് കൊച്ചി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് തീരുമാനം. ഇതു സംബന്ധിച്ച് നാവികസേന പ്രത്യേക പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള തീരത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സേനയുടെ തന്ത്രപ്രധാന കേന്ദ്രം തുടങ്ങുന്നത്. സൈനിക കേന്ദ്രത്തിനായി കണ്ടെത്തിയിരിക്കുന്ന സ്ഥലത്ത് പ്രധാനമന്ത്രിയും സൈനിക മേധാവികളും സന്ദര്‍ശനം നടത്തുമെന്നാണ് വിവരം.
പുതിയ കേന്ദ്രത്തില്‍ നാവികസേനയ്ക്കു പുറമെ വ്യോമസേനയ്ക്കും കരസനേയ്ക്കും ഓപറേഷനുകള്‍ നടത്താന്‍ സാധിക്കും. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള കടന്നുകയറ്റങ്ങളെ നിരീക്ഷിക്കാനും ഇവിടെ നിന്നു കഴിയും. പ്രധാനമന്ത്രിയുടെ മടക്കത്തിന് ശേഷം വിവിധ സേനകളിലെ മേധാവികളും ഉന്നത ഉദ്യോഗസ്ഥരും തുടര്‍ ചര്‍ച്ചകള്‍ നടത്തും.
Next Story

RELATED STORIES

Share it