സൈനിക കോടതിവിധി ഒരു പുതിയ തുടക്കം

കശ്മീരിലെ മാച്ചില്‍ പ്രദേശത്ത് മൂന്നു യുവാക്കളുടെ മരണം വ്യാജ ഏറ്റുമുട്ടലാണെന്നു കണെ്ടത്തിയ സൈനിക കോടതി വിവിധ റാങ്കുകളിലുള്ള ആറു സൈനികര്‍ക്കു ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നു. കശ്മീര്‍ ഉള്‍പ്പെടെയുള്ള അസ്വസ്ഥബാധിത പ്രദേശങ്ങളില്‍ സമാധാനവും ശാന്തിയും കൈവരിക്കുന്നതിനും സൈനികര്‍ക്ക് ഉത്തരവാദിത്തബോധത്തോടെ സുരക്ഷാച്ചുമതല നിര്‍വഹിക്കുന്നതിനും ഈ വിധി വഴിയൊരുക്കുമെന്ന് ഉറപ്പാണ്.
ജമ്മു-കശ്മീരിലും മറ്റു സംസ്ഥാനങ്ങളിലും നിലവിലിരിക്കുന്ന സൈനിക പ്രത്യേകാധികാര നിയമം (അഫ്‌സ്പ) പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാണ് ഇപ്പോള്‍. അഫ്‌സ്പ പ്രകാരം സൈനികരുടെ അതിക്രമങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് സൈനിക മേധാവികളുടെ പ്രത്യേക അനുമതി വേണം. സൈനിക കോടതിയില്‍ വിചാരണ ചെയ്യുകയെന്നതാണ് എളുപ്പമുള്ള മാര്‍ഗം.
മാച്ചിലില്‍ മൂന്നു യുവാക്കളുടെ മൃതദേഹങ്ങള്‍ കണെ്ടത്തിയെന്നും പാക് നുഴഞ്ഞുകയറ്റക്കാരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചുവെന്നുമായിരുന്നു 2010 ഏപ്രില്‍ 30ന് ആദ്യം വന്ന വാര്‍ത്ത. ബാരാമുല്ല സ്വദേശികളായ മുഹമ്മദ് ശാഫി, ഷഹ്‌സാദ് അഹ്മദ്, റിയാസ് അഹ്മദ് എന്നിവരാണ് യുവാക്കളെന്നു തിരിച്ചറിഞ്ഞു. ഇതോടെ ഏറ്റുമുട്ടല്‍ വ്യാജമാണെന്നും കൊലയ്ക്ക് ഉത്തരവാദികളെ കണെ്ടത്തണമെന്നും ആവശ്യമുന്നയിച്ചു ജനങ്ങള്‍ തെരുവിലിറങ്ങി. പ്രക്ഷോഭം 123 പേരുടെ ജീവനെടുത്തു. കശ്മീരിലെ പോരാട്ടത്തിന് ഊര്‍ജം പകര്‍ന്നതും കൂടുതല്‍ യുവാക്കളെ സമരരംഗത്തേക്കു നയിച്ചതും ഈ സംഭവമായിരുന്നു.
അവസാനം സമ്മര്‍ദ്ദം കൂടിയതിനെത്തുടര്‍ന്നാണ് സൈന്യം അന്വേഷണത്തിനു തയ്യാറായത്. അന്വേഷണങ്ങളില്‍ സൈനികരുടെ കുറ്റകൃത്യം വ്യക്തമായതോടെ സംഭവം സൈനിക കോടതിക്കു വിടാന്‍ തീരുമാനിക്കുകയായിരുന്നു. വന്‍തുക സമ്മാനവും ഉദ്യോഗക്കയറ്റവും മോഹിച്ച് ഗൂഢാലോചനയിലൂടെ നടത്തിയതാണ് കൊലയെന്നു വിചാരണ കണെ്ടത്തി. സംഘര്‍ഷമേഖലയില്‍ സംഭവിക്കാവുന്ന തെറ്റായ വിലയിരുത്തലോ ആളുമാറിയുള്ള നടപടിയോ അല്ല ഈ കൂട്ടക്കൊലയ്ക്കു കാരണമെന്ന് സൈനിക നേതൃത്വം മനസ്സിലാക്കിയതിനാലാണ് തുടര്‍നടപടിയുണ്ടായത്.
ഏറ്റുമുട്ടല്‍ മരണങ്ങളുടെ വാര്‍ത്തകള്‍ കശ്മീരില്‍ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരാറുണ്ട്. അതിന് ഉത്തരവാദികളായവര്‍ രക്ഷപ്പെടുന്നത് നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു സമൂഹത്തിന് അംഗീകരിക്കാവുന്നതല്ല. കശ്മീരിലെ മനുഷ്യാവകാശലംഘനത്തിനു സൈനികര്‍ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമാണ്. സൈനിക കോടതിയിലൂടെ ലഭ്യമായ നീതി സുപ്രധാനമാണ്. ഉത്തരവാദികളെ കണെ്ടത്തി ശിക്ഷിക്കുന്നതിനു സൈന്യം കാണിച്ച ജാഗ്രതയെ പ്രശംസിച്ചേ പറ്റൂ. സംഘര്‍ഷങ്ങളും സായുധപോരാട്ടവും നേരിടുന്നതിനു പരിശീലനം സിദ്ധിച്ച അച്ചടക്കമുള്ള ഒരു സൈന്യത്തിന് ഒരിക്കലും യോജിച്ചതല്ല ഇത്തരം കിരാത നടപടികള്‍.
Next Story

RELATED STORIES

Share it