സൈനിക ആയുധശാലയില്‍ തീപ്പിടിത്തം; 16 മരണം

പുല്‍ഗാവ്: മഹാരാഷ്ട്രയിലെ പുല്‍ഗാവില്‍ സൈനിക ആയുധസംഭരണ ശാലയിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ മലയാളി ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. രണ്ട് ഓഫിസര്‍മാരും 13 അഗ്നിശമന സേനാംഗങ്ങളും ഒരു സൈനികനുമാണു മരിച്ചത്. രണ്ട് ഓഫിസര്‍മാരും ഒമ്പത് സൈനികരും ആറ് അഗ്നിശമനസേനാംഗങ്ങളും ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണു സംഭവം.
തിരുവനന്തപുരം തിരുമല വേട്ടമുക്ക് കൂട്ടംവിള 7/എയില്‍ എന്‍ കൃഷ്ണന്റെ മകന്‍ കെ മനോജ് കുമാറാണ് മരിച്ച മലയാളി. മാതാവ്: ഭാരതി. ഭാര്യ: ബീന. മകന്‍: വേദാന്ത്. നാഗ്പൂരില്‍നിന്ന് 115 കിലോമീറ്റര്‍ അകലെയുള്ള പുല്‍ഗാവിലാണ് ആയുധശാല. 7000 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രം ഏഷ്യയിലെ വന്‍ ആയുധസംഭരണ ശാലകളിലൊന്നാണ്. ബോംബുകള്‍, ഗ്രനേഡുകള്‍, ഷെല്ലുകള്‍, റൈഫിളുകള്‍, മിസൈലുകള്‍ തുടങ്ങിയവയാണ്് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ഒരു ഷെഡിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. തുടര്‍ന്ന് വന്‍ സ്‌ഫോടനശബ്ദത്തോടെ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. പരിസരപ്രദേശത്തെ വീടുകളുടെ ജനലുകള്‍ തകര്‍ന്നിട്ടുണ്ട്.
അന്വേഷണം പ്രഖ്യാപിച്ചതായും നാശനഷ്ട കണക്കുകള്‍ ശേഖരിച്ചുവരികയാണെന്നും ലഫ്. ജനറല്‍ രണ്‍ബീര്‍സിങ് പറഞ്ഞു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കരും കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗും സ്ഥലം സന്ദര്‍ശിച്ചു. അട്ടിമറി സാധ്യതയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. 130 ടണ്‍ ടാങ്ക് വേധ മൈനുകള്‍ നശിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it