സൈനികശേഷി ഉയര്‍ത്തുമെന്ന്ബ്രിട്ടിഷ് പ്രധാനമന്ത്രി

ലണ്ടന്‍: സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഐ.എസ്. വിരുദ്ധ പോരാട്ടം ശക്തമാക്കുന്നതിനു ബ്രിട്ടന്റെ സൈനികശേഷി വര്‍ധിപ്പിക്കുമെന്നു പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍. റോയല്‍ എയര്‍ഫോഴ്‌സിന്റെ (ആര്‍.എ.എഫ്.) ആളില്ലാ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുകയും സ്‌പെഷ്യല്‍ ഫോഴ്‌സിനു പുതിയ ആയുധങ്ങള്‍ ലഭ്യമാക്കുന്നതിനു ശതകോടി ഡോളര്‍ ചെലവഴിക്കുമെന്നും സണ്‍ഡെ ടെലിഗ്രാഫിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന സായുധ ഭീഷണി ചെറുക്കുന്നതിന് ഇത് ഒഴിച്ചുകൂടാനാവാത്തതാണെന്നും കാമറണ്‍ അവകാശപ്പെട്ടു.

നിലവിലെ 10 റീപ്പര്‍ ഡ്രോണുകള്‍ക്കു പകരമായി കൂടുതല്‍ ദൂരം താണ്ടാനും അത്യാധുനിക ആയുധങ്ങള്‍ വഹിക്കാനും ശേഷിയുള്ള അത്യാധുനിക ഡ്രോണുകള്‍ എത്തിക്കും. വ്യോമസേനയ്ക്കും മറ്റു സൈനിക വിഭാഗത്തിനും അത്യാധുനിക ഉപകരണങ്ങളും ആയുധങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൈന്യം ആവശ്യപ്പെടുകയാണെങ്കില്‍ കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുമെന്നും കാമറണ്‍ വ്യക്തമാക്കി. അതേസമയം, ഇറാഖിലും സിറിയയിലും ആക്രമണം ശക്തിപ്പെടുത്താനുള്ള കാമറണിന്റെ നീക്കത്തെ ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ജെറമി കോര്‍ബിന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.ഐ.എസ്. പ്രവര്‍ത്തകരായ രണ്ടു ബ്രിട്ടിഷുകാരെ സിറിയയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ റോയല്‍ എയര്‍ഫോഴ്‌സ് വധിച്ചതായി കഴിഞ്ഞ മാസം കാമറണ്‍ അവകാശപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it