സൈനികര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപണം; കശ്മീരില്‍ സൈനികരുടെ വെടിയേറ്റ് യുവാക്കള്‍ മരിച്ചു

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ ഹന്ദ്വാരയില്‍ സൈന്യത്തിന്റെ വെടിയേറ്റ് രണ്ടു യുവാക്കള്‍ മരിച്ചു. സൈനികര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് കല്ലേറ് നടത്തിയവരെ പിരിച്ചുവിടാനായിരുന്നു വെടിവയ്പ്. യുവാക്കളുടെ കൊലപാതകം കൂടുതല്‍ പ്രതിഷേധത്തിനിടയാക്കി.

നഗരത്തിലെ സൈനിക പിക്കറ്റില്‍ നിയമിച്ച സൈനികര്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്നാരോപിച്ചാണു നാട്ടുകാര്‍ പ്രതിഷേധിച്ചത്. അവര്‍ സൈനിക പിക്കറ്റിന് കല്ലെറിഞ്ഞപ്പോള്‍ സൈനികര്‍ വെടിവയ്ക്കുകയായിരുന്നു. ഇക്ബാല്‍ അഹ്മദ്, നയിം ഭട്ട് എന്നിവരാണു മരിച്ചത്. സംഭവം അന്വേഷിക്കുമെന്നും കുറ്റക്കാരെ കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു. യുവാക്കള്‍ മരിച്ചതോടെ സൈനികര്‍ സ്ഥലംവിട്ടെന്ന് പോലിസ് പറഞ്ഞു.
കൊലപാതകത്തില്‍ പ്രതിഷേധിച്ചവര്‍ സൈനിക ബങ്കര്‍ കത്തിച്ചു. പോലിസ് സ്‌റ്റേഷന് കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ തുരത്താന്‍ പോലിസ് കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടിച്ചു. കൊലപാതകത്തിനെതിരേ ശ്രീനഗറിലും പുല്‍വാമയിലും പ്രതിഷേധം അലയടിച്ചു. ശ്രീനഗറിലെ പ്രശ്‌നമേഖലകളില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. കൊലപാതകം അന്വേഷിക്കണമെന്ന് നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടു. സയ്യിദ് അലിഷാ ഗിലാനിയുടെ നേതൃത്വത്തിലുള്ള ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് ഇന്ന് ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it