Flash News

സൈനികരോട് യുദ്ധസജ്ജരാവാന്‍ ചൈനീസ് പ്രസിഡന്റ്‌



ബെയ്ജിങ്: 23 ലക്ഷത്തിലധികം വരുന്ന സൈനികരോടു യുദ്ധ സന്നദ്ധരാവാന്‍ ആഹ്വാനം നല്‍കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ചൈനീസ് പ്രസിഡന്റ് പദം രണ്ടാംതവണയും ഏറ്റെടുത്ത ശേഷമുള്ള ജിന്‍പിങിന്റെ ആദ്യ പ്രഖ്യാപനമാണിത്. സൈന്യത്തെ നയിക്കുന്ന കേന്ദ്രസൈനിക കമ്മീഷന്റെ (സിഎംസി) നേതൃത്വവും ജിന്‍പിങിനാണ്. 11 അംഗ കമ്മീഷനില്‍ ഏഴു പേരെക്കൂടി ഉള്‍പ്പെടുത്തി ജിന്‍പിങ് പുനസ്സംഘടിപ്പിച്ചിരുന്നു. കമ്മീഷനിലെ അംഗസംഖ്യ ജിന്‍പിങ് ഏഴില്‍നിന്ന് അഞ്ചായി വെട്ടിക്കുറക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സൈനിക മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്ത ശേഷമാണു ജിന്‍പിങ് രണ്ടാം തവണ പ്രസിഡന്റ് പദം ഏറ്റെടുത്തത്. എന്നാല്‍, വ്യാഴാഴ്ച വൈകീട്ട് നടന്ന സൈനിക യോഗത്തില്‍ നിന്നു ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിട്ടുനിന്നതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. അഴിമതി ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നേരിട്ട ജനറല്‍ ഫാങ് ഫെങ്ഗൂയി, ജനറല്‍ സാങ് യാങ് എന്നിവരാണു യോഗത്തില്‍ നിന്നു വിട്ടുനിന്നത്. സൈന്യം പാര്‍ട്ടിയോടു വിധേയത്വം പാലിക്കണമെന്നും യുദ്ധങ്ങളില്‍ ജയിക്കാനാവശ്യമായ നവീകരണവും പുരോഗതിയും കൈവരിക്കുന്നതിനൊപ്പം സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തണമെന്നും ചൈനീസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന പാര്‍ട്ടി സമ്മേളനത്തിലാണു ജിന്‍ പിങിനെ പ്രസിഡന്റ് സ്ഥാനത്തു നിലനിര്‍ത്തുന്നതിനു ചൈനീസ് കമ്മ്യൂണിസ്റ്റ്് പാര്‍ട്ടി അംഗീകാരം നല്‍കിയത്. ഇതിനു പുറമെ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കാനും അംഗീകാരം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it