Second edit

സൈക്‌സ്-പികോ കരാര്‍

പശ്ചിമേഷ്യയില്‍ ഇപ്പോള്‍ നടക്കുന്ന രൂക്ഷമായ സംഘര്‍ഷങ്ങള്‍ സൈക്‌സ്-പികോ കരാറിന്റെ ബാക്കിപത്രമാണെന്ന ഒരു വിലയിരുത്തലുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് ഇറാഖ്-സിറിയന്‍ അതിര്‍ത്തി കാണിക്കുന്ന മതില്‍ക്കൂന തട്ടിത്തകര്‍ക്കുമ്പോള്‍ തങ്ങള്‍ ആ കരാര്‍ റദ്ദാക്കുകയാണെന്നു പറഞ്ഞിരുന്നു. സാമ്രാജ്യത്വശക്തികളായിരുന്ന ബ്രിട്ടനും ഫ്രാന്‍സിനും ഒന്നാം ലോകയുദ്ധത്തില്‍ തുര്‍ക്കിക്കും ജര്‍മനിക്കുമെതിരേ അറബികളുടെ പിന്തുണ കിട്ടേണ്ടിയിരുന്നു. അതിനായി അവര്‍ തുര്‍ക്കികളെ പിന്നില്‍നിന്നു കുത്തിയാല്‍ ഒരു വന്‍ അറബ്‌രാഷ്ട്രമുണ്ടാക്കാമെന്ന് അറബ് നേതാക്കള്‍ക്ക് ഉറപ്പു നല്‍കി.
അതൊരു ചതിയായിരുന്നു. ഫ്രഞ്ച് നയതന്ത്രജ്ഞനായ ഫ്രാന്‍സ്വാ ജോര്‍ജ് പികോയും ബ്രിട്ടിഷ് പ്രതിനിധിയായ മാര്‍ക് സൈക്‌സും ചേര്‍ന്ന് 1915 അവസാനം ഒരു രഹസ്യ കരാറുണ്ടാക്കി. ഒരു റഷ്യന്‍ പ്രതിനിധിയും ഒപ്പമുണ്ടായിരുന്നു. 1916 മെയ് 16ന് ബലത്തില്‍ വന്ന കരാര്‍ അറബ് നാടുകളെ കഷണിക്കുന്നതു സംബന്ധിച്ചായിരുന്നു. സിറിയയും ലബ്‌നാനും ഫ്രാന്‍സിനും ഇറാഖും മറ്റ് ഗള്‍ഫ് പ്രദേശങ്ങളും ബ്രിട്ടനും ബാല്‍ക്കന്‍ പ്രദേശങ്ങള്‍ റഷ്യക്കുമായി വിഭജിക്കുന്ന ഭൂപടം ഉള്‍ക്കൊള്ളിച്ച കരാറില്‍ ഫലസ്തീന്‍ മാറ്റിവയ്ക്കുകയും ചെയ്തു.
സാമ്രാജ്യത്വശക്തികള്‍ നടത്തിയ ഈ കൊടും വഞ്ചനയെക്കുറിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് സാര്‍ ഭരണം തകര്‍ത്ത് സോവിയറ്റ് യൂനിയന്‍ സ്ഥാപിച്ച ലെനിനാണ്. എന്നാല്‍, കരാറില്‍ പറഞ്ഞപ്രകാരമായിരുന്നു പിന്നീട് അറബ് ലോകത്ത് എല്ലാം നടന്നത്. ഭാഷയിലും സംസ്‌കാരത്തിലുമൊക്കെ യാതൊരു വ്യത്യാസവുമില്ലാത്ത പ്രദേശം ചെറുരാഷ്ട്രങ്ങളായി മാറി പരസ്പരം കലഹിച്ചു. ഇസ്രായേല്‍ മേഖലയിലെ പോലിസുകാരനായി. ഇപ്പോഴും സൈക്‌സ്-പികോയുടെ പ്രേതം അറബ്‌നാടുകളില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നു എന്നാണു പറയാറ്.
Next Story

RELATED STORIES

Share it