സൈക്കോളജിസ്റ്റിനെതിരായ ബാലപീഡന പരാതി: പോലിസ് അട്ടിമറിച്ചെന്ന്

തിരുവനന്തപുരം: ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെതിരേ നല്‍കിയ ബാലപീഡന പരാതി പോലിസ് അട്ടിമറിച്ചെന്നു കുട്ടിയുടെ മാതാവ്. പഠനവൈകല്യത്തിനുള്ള ചികില്‍സയ്ക്കായെത്തിയ 13കാരനെ തിരുവനന്തപുരത്തെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. ഗിരീഷ് പീഡിപ്പിച്ചതായുള്ള പരാതിയിലാണു നീതി ലഭിച്ചില്ലെന്നു മാതാവ് വ്യക്തമാക്കിയത്. 10 മാസം മുമ്പ് നല്‍കിയ പരാതി പോലിസ് പൂഴ്ത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കും ഡിജിപിക്കും എഡിജിപിക്കും ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. അതിനിടെ പലപ്പോഴായി ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചിരുന്നു. കേസില്‍ നിന്നു പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ഡോക്ടറുടെ സുഹൃത്തുക്കള്‍ സമീപിച്ചതായും മാതാവ് പറഞ്ഞു. പോക്‌സോ വകുപ്പു പ്രകാരമുള്ള കേസുകളില്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളൊന്നും പോലിസ് പാലിച്ചില്ലെന്നും പരാതി നല്‍കിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പറയുന്നു.
2017 ആഗസ്ത് 14നാണു കേസിനാസ്പദമായ സംഭവം. സ്‌കൂളിലെ കൗ ണ്‍സിലറുടെ നിര്‍ദേശ പ്രകാരമാണു ഡോക്ടറെ കാണാനെത്തിയത്. സ്വന്തമായുള്ള സ്വകാര്യ ക്ലിനിക്കിലെ പരിശോധനയ്ക്കിടെ കുട്ടിയോട് ഡോക്ടര്‍ ഒറ്റയ്ക്കു സംസാരിച്ചിരുന്നു. അതിനിടെയായിരുന്നു പീഡനം. സംഭവം അന്നുതന്നെ ചൈല്‍ഡ് ലൈനില്‍ അറിയിച്ചിരുന്നു. ഫോര്‍ട്ട് പോലിസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. 16ന് എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇടയ്ക്ക് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങിയതൊഴിച്ചാല്‍ പോലിസ് യാതൊന്നും ചെയ്തില്ലെന്നും കുട്ടിയുടെ മാതാവ് പറയുന്നു. അതിനിടെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഉള്‍പ്പെടെ പരാതി നല്‍കി. കേസിന്റെ വിശദാംശങ്ങള്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കണമെന്നു വ്യവസ്ഥയുണ്ടെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it