Kottayam Local

സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ തുക വിദ്യാര്‍ഥി വൃക്കരോഗിക്ക് നല്‍കി മാതൃകയായി



കോട്ടയം: സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ തുക വിദ്യാര്‍ഥി വൃക്കരോഗിയുടെ ചികില്‍സാ ഫണ്ടിലേക്കു നല്‍കി.കൊല്ലമുള ലിറ്റില്‍ ഫഌവര്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയായ അഭിജിത്താണ് തന്റെ സൈക്കിള്‍ മോഹം മാറ്റിവച്ചത്. ഇരുവൃക്കകളും തകരാറിലായി അടിയന്തര ഓപറേഷന്‍ വേണ്ടിവന്ന ഇരുമ്പൂന്നിക്കര സ്വദേശി വട്ടുകളം വീട്ടില്‍ സുരേഷ് കുമാറിന്റെ ചികില്‍സാ ഫണ്ടിലേക്കാണു സൈക്കിള്‍ വാങ്ങാനുള്ള തുക നല്‍കി വിദ്യാര്‍ഥി മാതൃകയായത്. തുമരംപാറ താഴത്താക്കല്‍ രമേശന്റെയും ഗീതയുടെയും മകനാണ് അഭിജിത്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സുരേഷ് കുമാറിനെ അടിയന്തര ഓപറേഷനിലൂടെ രക്ഷിക്കാനാവുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ കമ്മിറ്റികള്‍ രൂപീകരിച്ചു നാട്ടുകാര്‍ ധനസമാഹരണം ആരംഭിച്ചിരിക്കുകയാണ്.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് ഗിരിജ, അംഗം രജനി ചന്ദ്രശേഖരന്‍, മുന്‍ അംഗം ജോസ് ഇളയാനിത്തോട്ടം എന്നിവരുടെ നേതൃത്വത്തിലാണ് ഫണ്ട് ശേഖരണം. ഓപ്പറേഷനും തുടര്‍ചികില്‍സക്കുമായി 25 ലക്ഷത്തോളം രൂപയാണ് വേണ്ടത്.ഇതിനോടകം തുമരംപാറ, ഇരുമ്പൂന്നിക്കര, എലിവാലിക്കര വാര്‍ഡുകളില്‍ നിന്നായി ഏകദേശം മൂന്നര ലക്ഷത്തോളം രൂപ സമാഹരിക്കാനായി. സുമനസ്സുകളുടെ ഉദാരമായ സഹായം തേടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്  തന്റെ വാര്‍ഡായ ഒഴക്കനാട്ടിലും ഫണ്ട് ശേഖരണം ആരംഭിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് എരുമേലി ശാഖയില്‍ ആരംഭിച്ച 01460530000 എന്ന അക്കൗണ്ട് നമ്പറിലൂടെയും (ഐഎഫ്എസ്‌സി കോഡ് എസ്‌ഐബിഎല്‍ 0000146) സഹായം നല്‍കാവുന്നതാണ്.
Next Story

RELATED STORIES

Share it