സേ പരീക്ഷയില്‍ വീണ്ടും ആള്‍മാറാട്ടം; എട്ടുപേര്‍ പിടിയില്‍; ആറുപേര്‍ ഒളിവില്‍

വളാഞ്ചേരി: ആള്‍മാറാട്ടം നടത്തി പ്ലസ്ടു സേ പരീക്ഷ എഴുതിയ എട്ടുപേര്‍ പിടിയിലായി. ആറുപേര്‍ ഒളിവിലാണ്. മാവണ്ടിയൂര്‍ സ്വദേശി ഫുവാദ് (18), കരേക്കാട് സ്വദേശി നവാസ് (18) എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത നാലു പേരെയുമാണ് വളാഞ്ചേരി എസ്‌ഐ പി എം ഷമീര്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള ആറു പേര്‍ക്കു വേണ്ടിയാണ് പിടിയിലായവര്‍ പരീക്ഷ എഴുതിയത്.
മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് അഞ്ച് പേരും വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഒരാളുമാണു പിടിയിലായത്. യഥാര്‍ഥത്തില്‍ പരീക്ഷ എഴുതേണ്ട ആറുപേരുടെ ഹാള്‍ ടിക്കറ്റില്‍ ഫോട്ടോ മാറ്റി ഒട്ടിച്ച് വ്യാജ ഒപ്പുമിട്ടാണ് ഇവര്‍ പരീക്ഷ എഴുതാനെത്തിയത്. പരീക്ഷാഹാളിലെ ഇന്‍വിജിലേറ്റര്‍ക്കു സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് ഇവര്‍ കുടുങ്ങിയത്. തുടര്‍ന്ന് പോലിസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടു പേരെ തിരൂര്‍ കോടതിയിലും നാലു പേരെ മഞ്ചേരി ജുവനൈല്‍ കോടതിയിലും ഇന്നു ഹാജരാക്കും. ഒളിവിലുള്ളവര്‍ക്കു വേണ്ടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. വളാഞ്ചേരി സ്‌കൂളില്‍ നിന്ന് പിടിയിലായയാള്‍ ഇരിമ്പിളിയം സ്വദേശിക്കു വേണ്ടിയാണത്രേ പരീക്ഷയെഴുതിയത്.
കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സേ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയതിന് രണ്ടുപേര്‍ അറസ്റ്റിലായി. കോട്ടക്കലിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥികളായ ഷബിന്‍ലാല്‍(19), അര്‍ഷദ്(18) എന്നിവരാണു പിടിയിലായത്. നേരത്തെ പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥിയാണ് അര്‍ഷദ്. തുടര്‍ന്ന് കോട്ടക്കല്‍ പോലിസെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി സ്‌കൂളുകളുടെ സേ സെന്ററായ രാജാസ് സ്‌കൂളില്‍ കഴിഞ്ഞ മൂന്നു ദിവസമായി പരീക്ഷ നടന്നുവരുന്നുണ്ട്. ഇരുവരെയും മലപ്പുറം ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
എടപ്പാളിലെ സ്‌കൂളില്‍ ആള്‍മാറാട്ടം നടത്തി സേ പരീക്ഷയെഴുതാനെത്തിയ നാലു വിദ്യാര്‍ഥികള്‍ ഇന്നലെ പിടിയിലായിരുന്നു. പൂക്കരത്തറ ദാറുല്‍ ഹിദായ ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി പരീക്ഷയെഴുതിയവരാണു പിടിയിലായത്. പുറങ്ങ്, അംശക്കച്ചേരി, മാണൂര്‍ സ്വദേശികളായ 18കാരും പന്താവൂര്‍ സ്വദേശിയായ 19കാരനുമാണു കുടുങ്ങിയത്. നാലുപേരും ഇതേ സ്‌കൂളില്‍നിന്ന് ഇത്തവണ പ്ലസ്ടു പാസായവരാണ്. സുഹൃത്തുക്കളെ സഹായിക്കാനാണ് ഇവര്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയതെന്ന് പോലിസ് പറഞ്ഞു. പരീക്ഷയ്ക്കിടെ അധ്യാപികയ്ക്കു സംശയം തോന്നി ഒരു വിദ്യാര്‍ഥിയുടെ ഹാള്‍ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് കൃത്രിമം കണ്ടെത്തിയത്.
തുടര്‍ന്ന് മറ്റു ക്ലാസുകളിലും പരിശോധന നടത്തി മൂന്നുപേരെക്കൂടി പിടികൂടി. ചങ്ങരംകുളം പോലിസ് നാലു പേരെയും കസ്റ്റഡിയിലെടുത്തു. നേരത്തെ നടന്ന രണ്ടു പരീക്ഷകളും ഇവര്‍ എഴുതിയതായി സൂചനയുണ്ട്. ഹാള്‍ ടിക്കറ്റില്‍ യഥാര്‍ഥ വിദ്യാര്‍ഥികളുടെ ചിത്രത്തിനു പകരം ഇവരുടെ ചിത്രം പതിപ്പിച്ച നിലയിലായിരുന്നു. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it