Kottayam Local

സേവന കൗണ്ടറുകള്‍ ഒരു സ്ഥലത്ത് കേന്ദ്രീകരിക്കണമെന്ന്

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പല സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്ന വിവിധ ഫാര്‍മസികള്‍, ആര്‍എസ്ബിവൈ എന്നിവയുടെ കൗണ്ടറുകള്‍ ഒരു സ്ഥലത്തായി കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഗികളും കുട്ടിരിപ്പുകാരും ഭീമ ഹരജി നല്‍കുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി വരുന്ന രോഗികള്‍ക്ക് കാലതാമസം നേരിടാതെ ചികില്‍സ ലഭ്യമാക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ്, കാരുണ്യ ഫാര്‍മസി, മെഡിക്കല്‍ കോളജ് ഫാര്‍മസി, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളായ നീതി മെഡിക്കല്‍ സ്റ്റോര്‍, ന്യായവില മെഡിക്കല്‍ സ്റ്റോര്‍ എന്നിവ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നും ചികില്‍സ തേടിയെത്തിയ രോഗികളും, കുട്ടിരിപ്പുകാരുമാണ് നിവേദനം നല്‍കുന്നത്.1000 പേര്‍ ഒപ്പിട്ട പരാതി മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, പ്രതിപക്ഷ നേതാവ്, എംപി, എംഎല്‍എ, കലക്ടര്‍, ജില്ലാ ബ്ലോക്ക് ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കുന്നത്. ചികില്‍സ തേടി വരുന്ന രോഗിക്ക് ഡോക്ടര്‍ കുറിച്ച് നല്‍കുന്ന മരുന്നുകള്‍ വാങ്ങാനായി പല സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന അഞ്ചു കൗണ്ടറുകളില്‍ പോവേണ്ടി വരുന്നതായി പരാതിയില്‍ പറയുന്നു. ഒരോ കൗണ്ടറുകളും അര കിലോമീറ്റര്‍ മുതല്‍ ഒരു കിലോമീറ്റര്‍ വരെ ദൂരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരോ കൗണ്ടറുകളിലും മണിക്കുറുകള്‍ ക്യൂവില്‍ നിന്ന ശേഷം എത്തിച്ചേരുമ്പോഴാണ് മരുന്ന് ഇല്ലെന്ന് അറിയുന്നത്. ചില ഘട്ടങ്ങളില്‍ യഥാസമയം മരുന്നുകള്‍ ലഭിക്കാതെ വരുമ്പോള്‍ രോഗിയുടെ നില മോശമാവുന്ന സംഭവങ്ങളും നിരവധിയാണെന്ന് പരാതിക്കാര്‍ പറയുന്നു. ചികില്‍സയ്‌ക്കെത്തുന്ന ഭൂരിപക്ഷം രോഗികളും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യം ഉള്ളവരാണ്. ഈ ആനുകൂല്യം ലഭിക്കാന്‍ രോഗിയെ അഡ്മിറ്റ് ചെയ്ത് 24 മണിക്കൂറിനകം രോഗിയുടെ പേര് ആര്‍എസ് ബിവൈ കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ സമയം ലഭിക്കുന്ന മഞ്ഞ കളറുള്ള പേപ്പറിലാണ് രോഗിക്ക് ആവശ്യമായ മരുന്നുകള്‍ വിവിധ സ്‌കാനിങുകള്‍, ലാബ് പരിശോധനകള്‍ എന്നിവ ഡോക്ടര്‍മാര്‍ കുറിക്കുന്നത്.ഈ പേപ്പറുമായി  രോഗിയോ, കൂടെയുള്ളവരോ വീണ്ടും ആര്‍എസ്ബിവൈ കൗണ്ടറില്‍ എത്തി സീല്‍ ചെയ്യണം. ഇതിനു ശേഷം ഇതിന്റെ ഫോട്ടോ സ്റ്റാറ്റ് കോപ്പി എടുത്ത ശേഷമാണ് ആവശ്യമായ കൗണ്ടറുകളില്‍ എത്തുന്നത്.എന്നാല്‍ ഇവിടങ്ങളില്‍ മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കണം. മരുന്നകള്‍ വാങ്ങുന്നതാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. സര്‍ക്കാര്‍ ഫാര്‍മസികളില്‍ മരുന്നു ലഭ്യമല്ലെങ്കില്‍ വീണ്ടും മെഡിക്കല്‍ സ്റ്റോര്‍ മേധാവിയുടെ ഓഫിസിലെത്തി മരുന്ന് ഇല്ലെന്നുള്ള സീല്‍ വച്ച ശേഷം വേണം അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളായ നീതി സ്റ്റോര്‍, ന്യായവില സ്‌റ്റോര്‍ എന്നിവിടങ്ങളില്‍പ്പോയി ക്യൂ നിന്ന് മരുന്ന് വാങ്ങേണ്ടത്. ചികില്‍സാ ആനുകുല്യം ലഭ്യമാക്കുവാന്‍ മണിക്കുറുകളോളം ക്യൂവില്‍ നിന്ന് മരുന്നകളും പരിശോധനാ ഫലങ്ങളുമായി ബന്ധുക്കള്‍ എത്തുമ്പോള്‍ രോഗിയുടെ നില ഗുരുതരമാവുന്നെന്നാണു പരാതിക്കാര്‍ പറയുന്നത്. ഇക്കാരണത്താല്‍ ആശുപത്രിയുടെ നിയന്ത്രണമുള്ള കൗണ്ടറുകള്‍ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചാല്‍ കൂട്ടിരിപ്പുകാരുടെ ദുരിതത്തിനും യഥാസമയം രോഗി പരിചരണത്തിനും പരിഹാരമാകുമെന്ന് ഇവര്‍ പറയുന്നു.
Next Story

RELATED STORIES

Share it