Alappuzha local

'സേവനസ്പര്‍ശം' പരിപാടിയില്‍ 711 പരാതികള്‍ തീര്‍പ്പാക്കി



ആലപ്പുഴ: ചുവപ്പുനാടയില്‍ കുരുങ്ങി  പരിഹാരമില്ലാതെ കിടന്ന വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട  711 പരാതികള്‍ക്ക് പരിഹാരം കണ്ട് മാവേലിക്കരയിലെ   ജില്ലാ കലക്ടറുടെ സേവനസ്പര്‍ശം പരിപാടി നിരവധി പേര്‍ക്ക് തുണയായി.  മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലൊരുക്കിയ അദാലത്തില്‍  893 അപേക്ഷ ലഭിച്ചു. ചികില്‍സാ ധനസഹായം,   ബിപിഎല്‍ ആകാനും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുമുള്ള അപേക്ഷകളായിരുന്നു അധികവും. റവന്യൂ, സര്‍വേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം തുടങ്ങിയവുമായി ബന്ധപ്പെട്ട അപേക്ഷകളും ലഭിച്ചു. പരാതികള്‍ സ്വീകരിച്ച് ഓണ്‍ലൈനായി രേഖപ്പെടുത്തിയശേഷം പരാതിയുമായി ജില്ലാ കലക്ടറെ നേരിട്ട് സമീപിക്കാന്‍ സംവിധാനമൊരുക്കി.  തഴക്കര പഞ്ചായത്ത് 17ാം വാര്‍ഡില്‍ അഞ്ചുമൂലം പറമ്പിന് പടിഞ്ഞാറുവശം  അമ്പതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ തീരുമാനമായി. മൂന്നുമാസമായി വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് ലൈനില്‍ കുടിവെള്ളം ലഭിക്കാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ ഒപ്പിട്ട പരാതിയുമായി സേവനസ്പര്‍ശത്തില്‍ എത്തിയത്. വേനല്‍ക്കാലമായതിനാല്‍ തടസ്സവാദങ്ങള്‍ പറയാതെ കുടിവെള്ളം എത്തിക്കാന്‍ ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വര്‍ഷങ്ങളായി പരിഹാരം കാണാതെ കിടന്ന നിരവധി സര്‍വ്വേ പരാതികള്‍ക്കും അദാലത്തില്‍ പരിഹാരമായി. തീര്‍പ്പാകാത്ത അപേക്ഷകള്‍ അതത് വകുപ്പുകള്‍ക്ക് കൈമാറി. വകുപ്പുതല ഉദ്യോഗസ്ഥര്‍ പരാതികളില്‍ എടുത്ത തീരുമാനം നിശ്ചിത ദിവസത്തിനകം ജില്ലാ കലക്ടറെ അറിയിക്കണം. സേവനസ്പര്‍ശം വെബ്‌സൈറ്റില്‍ തല്‍സമയ വിവരം അറിയാനും സംവിധാനമുണ്ട്.എഡിഎം എം കെ കബീര്‍, ആര്‍ഡിഒ രാജചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ സുകു, ലീഡ് ബാങ്ക് മാനേജര്‍ കെ എസ് അജു പങ്കെടുത്തു.
Next Story

RELATED STORIES

Share it