Flash News

സേവനങ്ങള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തിയ എസ്ബിഐ നടപടി -ഗുരുതര സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കും: ധനമന്ത്രി



തിരുവനന്തപുരം: ബാങ്കിങ് സേവനങ്ങള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തിയ എസ്ബിഐയുടെ നടപടി ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. ബാങ്കുകളില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ ആളുകള്‍ പണം കൈയില്‍ സൂക്ഷിക്കുകയാണ്. ഇത് കറന്‍സി ക്ഷാമം രൂക്ഷമാക്കും. ഇതിന്റെ ഗൗരവം മനസ്സിലാക്കി ആവശ്യമായ ഇടപെടല്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ല. കേന്ദ്ര ധനമന്ത്രിയെയും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയെയും ഇക്കാര്യത്തിലുള്ള കേരളത്തിന്റെ ആശങ്ക അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ബാങ്കിങ് ലയനത്തിനു ശേഷം രാജ്യത്തെ നാലിലൊന്ന് ബാങ്കിങ് ഇടപാടുകളും നടത്തുന്ന വലിയ ധനകാര്യസ്ഥാപനമായി എസ്ബിഐ മാറി. അതിനാല്‍ ചാര്‍ജ് കൂട്ടിയാലും ഒന്നും വരില്ലെന്നതാണ് അവരുടെ നിലപാട്. ഏപ്രില്‍ മൂന്നിന് ബാങ്കിങ് സേവനങ്ങള്‍ക്ക് പുതിയ ഫീസുകളും പിഴയും ഈടാക്കിയിരുന്നു. രണ്ടു മാസം കഴിഞ്ഞ ഉടന്‍ ജൂണ്‍ ഒന്നു മുതല്‍ വീണ്ടും പല ഫൈനുകളും ചാര്‍ജുകളും പുതുക്കി നിശ്ചയിച്ചുകൊണ്ടും വര്‍ധിപ്പിച്ചുകൊണ്ടും ഉത്തരവിറക്കി. എടിഎമ്മില്‍ കൂടി പണം പിന്‍വലിക്കുന്നതിന് 25 രൂപ സേവനനിരക്ക് ഏര്‍പ്പെടുത്തിയതാണ് ജനങ്ങളുടെ വലിയ പ്രതിഷേധത്തിനിടയാക്കിയത്. വൈകുന്നേരമായപ്പോള്‍ “ബഡ്ഡി’ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇതു ബാധകമെന്നു ചൂണ്ടിക്കാട്ടി തിരുത്തി. വീണിടം വിദ്യയാക്കുകയാണ് എസ്ബിഐ ചെയ്തത്. മറ്റു പല സേവനങ്ങള്‍ക്കും ചാര്‍ജ് ഏര്‍പ്പെടുത്തിയത് തുടരുകയാണ്. ഇന്റര്‍നെറ്റ് ബാങ്കിങിന് ആയിരം രൂപയില്‍ താഴെയാണെങ്കില്‍ സര്‍വീസ് ചാര്‍ജില്ലായിരുന്നു. ഇനി അഞ്ചു രൂപ കൊടുക്കണം. 10,000 രൂപ വരെ രണ്ടു രൂപയായിരുന്നത് അഞ്ചു രൂപയാക്കി. ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയ്ക്ക് 15 രൂപയാക്കി. രണ്ടു ലക്ഷത്തിനു മുകളിലാണെങ്കില്‍ 25 രൂപയാക്കി. അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള ഇടപാടുകള്‍ക്ക് 2.5 ശതമാനം സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തി. ജന്‍ധന്‍ അക്കൗണ്ടുകള്‍ക്കു പോലും സര്‍വീസ് ചാര്‍ജ് കൊണ്ടുവന്നു. എസ്ബിയുടെ നിഷ്‌ക്രിയ ആസ്തിയും കിട്ടാക്കടവും വര്‍ധിച്ചിരിക്കുകയാണ്. 1.60 ലക്ഷം കോടിയാണ് നിലവിലെ നിഷ്‌ക്രിയ ആസ്തി. ഇതിനെ മറികടക്കാനായി സാധാരണക്കാരെ പിഴിയുന്നതിനാണ് സേവനനിരക്കുകള്‍ വര്‍ധിപ്പിക്കുന്നതെന്നും ഐസക് പറഞ്ഞു.
Next Story

RELATED STORIES

Share it