സെവന്‍സ് ഫുട്‌ബോളിന് കെഎഫ്എ അംഗീകാരം; പെട്ടെന്നുള്ള തീരുമാനത്തില്‍ ദുരൂഹത

ടി പി ജലാല്‍

മഞ്ചേരി: മലപ്പുറം ജില്ലയില്‍ ആരംഭിച്ച് മലബാറില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന സെവന്‍സ് ഫുട്‌ബോളിനെ ഏറ്റെടുക്കാനുള്ള കെഎഫ്എയുടെ തീരുമാനം ആര്‍ക്കുവേണ്ടിയെന്ന ചോദ്യം ഉയരുന്നു. നൂറ്റാണ്ടു പഴക്കമുള്ള സെവന്‍സിനെ അന്നൊന്നും ഏറ്റെടുക്കാതെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ കൂട്ടിപ്പിടിക്കാനുള്ള തീരുമാനത്തില്‍ ദുരൂഹതയുണര്‍ന്നിട്ടുണ്ട്. പ്രധാനമായും പണം തന്നെയാണ് കേരള ഫുട്‌ബോ ള്‍ അസോസിയേഷനെ സെവന്‍സ് ടൂര്‍ണമെന്റുകളുടെ പെനാല്‍റ്റി ബോക്‌സില്‍ കയറിക്കളിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. വന്‍ ലാഭം കൊയ്യുന്ന സെവന്‍സ് ടൂര്‍ണമെന്റുകളില്‍ നിന്നുള്ള വരുമാനമാണ് കെഎഫ്എയുടെ ലക്ഷ്യമെന്നും ശ്രുതിയുണ്ട്.
നിലവിലുള്ള സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്ന് സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പുറത്താക്കപ്പെട്ടവരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് തീരുമാനം ഏകപക്ഷീയമായി പ്രഖ്യാപിച്ചതെന്നാണ് മറ്റൊരു ആരോപണം. ഒരു സെവന്‍സ് ടൂര്‍ണമെന്റില്‍ നിന്ന് 25,000 രൂപ വരെ വാങ്ങിത്തരാമെന്നാണത്രെ ഈ സമാന്തര സംഘടന വാഗ്ദാനം ചെയ്തത്. ഇതില്‍ കെഎഫ്എ മയങ്ങിവീണിരിക്കുകയാണ്. സ്വന്തമായി ടൂര്‍ണമെന്റുകള്‍ ആരംഭിക്കാന്‍ കഴിയില്ലെന്നു വ്യക്തമായതോടെയാണത്രെ ഇവര്‍ കെഎഫ്എയെ കൂട്ടുപിടിച്ച് നിലവിലെ സംഘടനയെ തളര്‍ത്താന്‍ ശ്രമം തുടങ്ങിയത്. നിലവിലുള്ള രണ്ട് വിദേശ താരങ്ങളെന്ന നിബന്ധന മാറ്റി മൂന്നു പേരെ അണിനിരത്താന്‍ തീരുമാനിച്ചതോടെ ഇവരെ കേരളാ സെവന്‍സ് താരങ്ങളും കൈയൊഴിഞ്ഞു. തുടര്‍ന്ന് അസോസിയേഷനെ ഒതുക്കാനുള്ള ഏക വഴി കെഎഫ്എയെ സമീപിക്കുകയാണെന്ന് ഓര്‍ഗനൈസേഷന്‍ കണ്ടെത്തുകയായിരുന്നു. ഇതല്ലാതെ കളിക്കാരുടെ ഭാവിയല്ല പുതിയ നീക്കത്തിനു പിന്നിലെന്നാണ് ഇതില്‍നിന്നു വ്യക്തമാവുന്നത്.
ഈ പ്രഖ്യാപനത്തിനു മുമ്പായി 31 വര്‍ഷങ്ങളായി സെവന്‍സ് വളരെ വിജയകരമായി നടത്തുന്ന അസോസിയേഷന്റെ ആവശ്യപ്പെടലോ ഇവരുമായി ചര്‍ച്ചയോ നടന്നിട്ടില്ല. 50ഓളം ടൂര്‍ണമെന്റുകളും 33ഓളം ടീമുകളും അസോസിയേഷന്റെ കൈപ്പിടിയിലുണ്ട്. ഫുട്‌ബോളിനെ വളര്‍ത്തുകയാണു ലക്ഷ്യമെങ്കില്‍ ആദ്യം കളിക്കാരെയും പിന്നീട് സംഘടനയെയും ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it