സെറ്റ് പരീക്ഷ ജൂലൈ 31ന്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജൂലൈ 31ന് നടത്തും.  ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും ബിഎഡുമാണ് അടിസ്ഥാന യോഗ്യത.എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കു ബിരുദാനന്തര ബിരുദത്തിന് 5% മാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്കു ചുവടെയുള്ള നിബന്ധനകള്‍ പ്രകാരം സെറ്റ് പരീക്ഷ എഴുതാം. പിജി ബിരുദം മാത്രം നേടിയവര്‍ ബിഎഡ് കോഴ്‌സ് അവസാനവര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്നവര്‍ ആയിരിക്കണം. അവസാന വര്‍ഷ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സ് പഠിക്കുന്നവര്‍ക്ക് ബിഎഡ് ബിരുദം ഉണ്ടായിരിക്കണം.നിബന്ധനപ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവര്‍ അവരുടെ പിജി/ബിഎഡ് പരീക്ഷ നിശ്ചിത യോഗ്യതയോടു കൂടി പാസായ സര്‍ട്ടിഫിക്കറ്റുകള്‍ സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തിയ്യതി മുതല്‍ ഒരു വര്‍ഷത്തിനകം സമര്‍പ്പിക്കാത്തപക്ഷം അവരെ ആ ചാന്‍സില്‍ സെറ്റ് പരീക്ഷ ജയിച്ചതായി പരിഗണിക്കില്ല.പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍, രജിസ്റ്റര്‍ നമ്പര്‍, സെറ്റ് ആക്‌സസ് കീ എന്നിവ അടങ്ങിയ കിറ്റുകള്‍ കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫിസുകളില്‍ നിന്ന് നാളെ മുതല്‍ ജൂണ്‍ 25വരെ ലഭിക്കും. ഇതിനുവേണ്ടി ജനറല്‍/ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 750 രൂപയും എസ്എസി/എസ്ടി/വിഎച്ച്/പിഎച്ച് എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 375 രൂപയും നല്‍കണം. കേരളത്തിനു പുറത്തുള്ളവര്‍ ഇതു ലഭിക്കുവാന്‍ ഏതെങ്കിലും ഒരു ദേശസാല്‍കൃത ബാങ്കില്‍ നിന്ന് എല്‍ബിഎസ് സെ ന്റര്‍ ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 800 രൂപയുടെ ഡിഡിയും എസ്‌സി/ എസ്ടി/വിഎച്ച്/പിഎച്ച് എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 425 രൂപയുടെ ഡിഡിയും സ്വന്തം മേല്‍വിലാസം എഴുതിയ (31cm ഃ25cm) കവര്‍ സഹിതം ഡയറക്ടര്‍, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം വിലാസത്തില്‍ ജൂണ്‍ 25നകം ലഭിക്കത്തകവിധം അപേക്ഷിക്കണം. എസ്എസി/എസ്ടി/വിഎച്ച്/പിഎച്ച് വിഭാഗത്തില്‍ പെടുന്നവര്‍ ഫീസ് ഇളവിനായി ജാതി/വിഭാഗം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍, നിര്‍ബന്ധമായും എല്‍ബിഎസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തിരിക്കണം.ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ പ്രിന്റ്ഔട്ട് തിരുവനന്തപുരം എല്‍ബിഎസ് സെന്ററില്‍ തപാലിലോ/നേരിട്ടോ നല്‍കേണ്ടതാണ്. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ ഹാജരാക്കേണ്ട ആവശ്യമില്ല. ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദവിവരം പ്രോസ്‌പെക്റ്റസില്‍ നല്‍കിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 25ന് വൈകീട്ട് അഞ്ച്മണിക്കു മുമ്പായി എല്‍ബിഎസ് സെന്ററില്‍ ലഭിച്ചിരിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍  മൂന്ന് മണിക്ക് മുമ്പായി പൂര്‍ത്തിയാക്കേണ്ടതാണ്.കൂടുതല്‍ വിവരണം www.lbskerala.com, www.lbscentre.org എന്നീ  സൈറ്റുകളില്‍ നിന്നു ലഭിക്കും.
Next Story

RELATED STORIES

Share it