Second edit

സെറീന വില്യംസ്‌

യുഎസ് ഓപണ്‍ മല്‍സരവേദിയില്‍ സെറീന വില്യംസ് റഫറിയുമായി വഴക്കടിച്ചത് ഇപ്പോള്‍ ലോക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമാണ്. സെറീന ടെന്നിസിലെ ഒരു ഇതിഹാസമാണ്. നിരവധി തവണ ഗംഭീര വിജയങ്ങള്‍ നേടിയെടുത്ത വ്യക്തി. ടെന്നിസില്‍ സ്വന്തം കൊടിപ്പടം ഉയരത്തില്‍ പാറിച്ച വനിത. പക്ഷേ, സെറീനയെ പ്രകോപിതയാക്കിയത് റഫറിയുടെ പെരുമാറ്റമാണ്. കളിയില്‍ ചതിപ്പണി നടത്തിയെന്ന മട്ടില്‍ ഒരു പെനല്‍റ്റി വിധിച്ചതാണ് പ്രശ്‌നമായത്. ബോക്‌സിലിരുന്ന കോച്ച് എങ്ങനെ കൈ ഉയര്‍ത്തണം എന്നതിനു സൂചന നല്‍കി ആംഗ്യം കാണിച്ചുവെന്നതാണ് പ്രശ്‌നം. അതിന്റെ പേരിലാണ് പെനല്‍റ്റി വന്നത്.
പക്ഷേ, ഇത്തരം ആംഗ്യങ്ങള്‍ നിയമവിരുദ്ധമാണെങ്കിലും വിംബിള്‍ഡണിലും യുഎസ് ഓപണിലുമൊക്കെ പതിവാണ്. നടപടികള്‍ ചോദ്യം ചെയ്യുന്ന കളിക്കാരും കുറവല്ല. സെറീന ചോദ്യം ചെയ്തപ്പോള്‍ അതിന്റെ പേരില്‍ വീണ്ടും പിഴ വിധിച്ചു. സെറീന കളിയില്‍ തോല്‍ക്കുകയും ചെയ്തു.
സെറീന പറയുന്നത്, വളരെ നഗ്നമായ വിവേചനമാണ് റഫറി കാണിച്ചതെന്താണ്. ഇതിനേക്കാള്‍ കടുത്ത വാക്കുകള്‍ ആണുങ്ങളായ കളിക്കാര്‍ ഉപയോഗിക്കാറുണ്ട്, അതിന്റെ പേരില്‍ നടപടിയുണ്ടായ ചരിത്രമില്ല, സെറീന കറുത്ത വര്‍ഗക്കാരിയാണ് എന്നതാവാം റഫറിയുടെ അമിതാധികാരപ്രയോഗത്തിന് ഒരു കാരണം എന്നും ആരോപണമുണ്ട്. ഏതായാലും സ്‌പോര്‍ട്‌സിന്റെ അത്യുന്നത മേഖലകളില്‍ പോലും വംശീയവും ലിംഗപരവുമായ വിവേചനമുണ്ടെന്നു സംഭവം തെളിയിക്കുന്നു.

Next Story

RELATED STORIES

Share it