Most commented

സെമി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ

എച്ച് സുധീര്‍

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോളില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യമല്‍സരത്തില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായി ഇന്ത്യന്‍ ടീം ഇന്ന് നേപ്പാളിനെ നേരിടും. വൈകീട്ട് 6.30ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മല്‍സരം.
രണ്ടാം ജയത്തോടെ സെമിയിലേക്ക് ടിക്കറ്റ് ഉറപ്പാക്കാനാണ് ഇന്ത്യയുടെ ശ്രമം. ഉദ്ഘാടന മല്‍സരത്തില്‍ ശ്രീലങ്കയോട് ഏകപക്ഷീയമായ ഒരുഗോളിന് തോറ്റ നേപ്പാളിനും ഇന്ന് വലിയ മാര്‍ജിനില്‍ ജയിക്കാനായാല്‍ സെമി സാധ്യത ഉറപ്പാക്കാം. ഗ്രൂപ്പ് എയില്‍ ഇന്ത്യയും ശ്രീലങ്കയും ഓരോ മല്‍സരം വീതം ജയിച്ചിട്ടുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ആതിഥേയര്‍ക്കാണ് മുന്‍തൂക്കം.
ക്രിസ്മസ് ദിനത്തില്‍ ശ്രീലങ്കയെ ഏകപക്ഷീയമായ രണ്ടുഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ ആദ്യ വിജയം സ്വന്തമാക്കിയത്. മികച്ച ഫോമിലുള്ള ഡല്‍ഹി ഡൈനാമോസിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബിന്‍ സിങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്.
ക്യാപ്റ്റന്‍ സുനില്‍ ഛെത്രിയേയും സഞ്ജു പ്രഥാനേയും വിങര്‍മാരാക്കി റോബിന്‍ സിങിനൊപ്പം ജെജെ ലാല്‍പെഖ്‌ലുവയെ സ്‌ട്രൈക്കറാക്കി 4-4-2 ശൈലിയാണ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ടീമിനെ പരീക്ഷിച്ചത്. ഗോള്‍രഹിതമായിരുന്ന ആദ്യപകുതിക്ക് ശേഷമാണ് വിധി നിര്‍ണയിച്ച ഗോളുകള്‍ വന്നത്. 51, 73 മിനിറ്റുകളിലായിരുന്നു റോബിന്‍ സിങിന്റെ ഗോളുകള്‍ പിറന്നത്.
51ാം മിനിറ്റില്‍ ഇടതുപാര്‍ശ്വത്തില്‍ നിന്ന് ഛെത്രി നീട്ടിക്കൊടുത്ത പാസ് സ്വീകരിച്ച റോബിന്‍ സിങിന്റെ ഇടംകാലന്‍ ഷോട്ട് ലങ്കന്‍ ഗോളിയെ കാഴ്ചക്കാരനാക്കി വലയില്‍ പതിച്ചു. 68ാം മിനിറ്റില്‍ ഗോളെന്ന് ഉറപ്പിച്ച ഇന്ത്യന്‍ മുന്നേറ്റം ശ്രീലങ്കന്‍ ഗോളിയുടെ മികച്ച സേവിലൂടെ നഷ്ടമായി. സഞ്ജു പ്രഥാന്റെ ക്രോസില്‍ ജെജെയുടെ ഹെഡ്ഡര്‍ ഗോളി തട്ടിയകറ്റുകയായിരുന്നു. 73ാം മിനിറ്റിലാണ് റോബിന്‍ സിങിന്റെ രണ്ടാം ഗോളിനും വഴിയൊരുക്കിയത് ഛെത്രിയാണ്. ഛെത്രിയുടെ ഹെഡ്ഡര്‍ റോബിന്‍ സിങ് അനായാസമായി ഗോളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.
മല്‍സരത്തില്‍ നിരവധി മികച്ച അവസരങ്ങളാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യപകുതിയിലെ അരഡസന്‍ അവസരങ്ങള്‍ പാഴാക്കിയില്ലെങ്കില്‍ ഇന്ത്യക്ക് വന്‍ മാര്‍ജിനില്‍ ജയിക്കാമായിരുന്നു. മലയാളി താരങ്ങളില്ലാതെയാണ് ഇന്ത്യ ലങ്കയ്‌ക്കെതിരേ കളത്തിലിറങ്ങിയത്.
കളിയുടെ ആറാം മിനിറ്റില്‍ തന്നെ ഗോളിനുള്ള മികച്ച അവസരം ഛെത്രി പാഴാക്കി. പത്താം മിനിറ്റില്‍ ജെജെയും 31ാം മിനിറ്റില്‍ ഛെത്രിയും അവസരങ്ങള്‍ നഷ്ടപ്പെടുത്തി. കളിയുടെ അവസാന മിനിറ്റുകളില്‍ ഗോള്‍ മടക്കാനുള്ള അവസരം ശ്രീലങ്കയും പാഴാക്കി. ഇന്ത്യക്ക് തന്നെയായിരുന്നു മല്‍സരത്തില്‍ മുന്‍തൂക്കം.
Next Story

RELATED STORIES

Share it