സെപ്റ്റിക് ടാങ്കില്‍ അസ്ഥികൂടം കണ്ടെത്തിയ കേസ്: പ്രതി അറസ്റ്റില്‍



തൃശൂര്‍: കിഴക്കേക്കോട്ടയില്‍ സെപ്റ്റിക് ടാങ്കില്‍ അസ്ഥികൂടം കണ്ടെത്തിയ കേസിലെ പ്രതി അറസ്റ്റില്‍. ഒല്ലൂക്കര സ്വദേശി കൊച്ചുവീട്ടില്‍ ജോണിന്റെ മകന്‍ സജിയുടെഅസ്ഥികൂടങ്ങ ള്‍ കണ്ടെടുത്ത കേസിലാണ് സുഹൃത്തുകൂടിയായ മണ്ണുത്തി പട്ടാളകുന്നത്ത് ദിലീപ്(35) അറസ്റ്റിലായത്. വിദേശത്തായിരുന്ന ഇയാളെ നാട്ടിലേക്കു വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.
സൗദി അറേബ്യയിലെ മദീനയില്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ക്രൈംബ്രാഞ്ച് ഡിക്റ്റക്റ്റീവ് വിഭാഗം ഇന്‍സ്‌പെക്ടര്‍ വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിയത്.
പണം പലിശയ്ക്കു നല്‍കിയിരുന്ന സജിയില്‍ നിന്ന് ഇയാള്‍ കടംവാങ്ങിയ 40,000 രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. സജിയുടെ കാറ് വാടകയ്‌ക്കെടുത്തതു ദിലീപ് തിരിച്ചുകൊടുക്കാത്തതും പ്രശ്‌നമായിരുന്നു. സംഭവദിവസം വൈകീട്ട് ആറുമണിയോടെ മദ്യപിച്ച് വര്‍ക്‌ഷോപ്പിലെത്തിയ സജിയും ദിലീപും തമ്മില്‍ വാക്കേറ്റവും പിടിവലിയുമുണ്ടാവുകയും ചെയ്തിരുന്നു.
പ്രകോപിതനായ ദിലീപ് സജിയെ തലയ്ക്ക് വെട്ടുകയായിരുന്നു. പിന്നീടു ചോരവാര്‍ന്നു മരിച്ച സജിയുടെ മൃതദേഹം ചാക്കിലാക്കി കെട്ടിവലിച്ച് സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നെന്നു ദിലീപ് കുറ്റസമ്മതം നടത്തി. പ്രതിയെ വടക്കാഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it