ernakulam local

സെപ്ടിക് ടാങ്ക് മാലിന്യവുമായി എത്തിയ വണ്ടി നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ചു

കളമശ്ശേരി: സെപ്ടിക് ടാങ്ക് മാലിന്യം തള്ളാനെത്തിയ വാഹനവും ജീവനക്കാരെയും നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ചു.
കായംകുളം താമരക്കുളം സ്വദേശി രാജേഷ്(39), ആലപ്പുഴ തുറവൂര്‍ സ്വദേശി വിവേക്(27), ചേര്‍ത്തല സ്വദേശി ജിബിന്‍(23) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പിച്ചത്. ഇവര്‍ക്കെതിരേ പോലിസ് കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു. വ്യാഴാഴ്ച രാത്രി 12.30ഓടെയാണ് സെപ്ടിക് ടാങ്ക് മാലിന്യം തള്ളാന്‍ മെട്രോ യാര്‍ഡിനുസമീപമെത്തിയത്.
വാഹനം സംശയകരമായ രീതിയില്‍ കിടക്കുന്നതുകണ്ട നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ എത്തിയാണ് വാഹനം പിടികൂടി പോലിസില്‍ ഏല്‍പിച്ചത്. കഴിഞ്ഞ രണ്ടാഴ്ച മുമ്പ് എച്ച്എംടി ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ റെയിലിന്റെ യാര്‍ഡിനു സമീപം രണ്ട് ടാങ്കര്‍ ലോറികളിലായി സെപ്ടിക് ടാങ്ക് മാലിന്യം തള്ളാന്‍ എത്തിയിരുന്നു. നിരന്തരം മാലിന്യങ്ങള്‍ തള്ളാന്‍ വാഹനങ്ങള്‍ വന്നുപോവുന്നതിനാല്‍ ഈ പ്രദേശം നാട്ടുകാരുടെ നിരീക്ഷണത്തിലാണ്. അന്നും നാട്ടുകാര്‍ പിടികൂടി വാഹനങ്ങള്‍ പോലിസില്‍ ഏല്‍പിക്കുകയും ജീവനക്കാര്‍ക്കെതിരേ പോലിസ് കേസെടുത്തിട്ടുള്ളതാണ്. സെപ്ടിക് ടാങ്ക് മാലിന്യങ്ങള്‍ തെരുവില്‍ ഒഴുക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ ഇല്ലാത്തതാണ് മാലിന്യങ്ങള്‍ തെരുവില്‍ ഒഴുക്കാന്‍ കാരണമാവുന്നത്. ഇതിനെതിരേ നടപടിയെടുക്കാന്‍ നഗരസഭകളും തയ്യാറാവാത്തത് ഇത്തരക്കാര്‍ക്ക് സഹായകരമാവുന്നു.
Next Story

RELATED STORIES

Share it