സെന്‍സര്‍ വ്യവസ്ഥകള്‍ കാലികമാവണം: ജയ്റ്റ്‌ലി

മുംബൈ: സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്നു വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സെന്‍സര്‍ ബോര്‍ഡ് അഴിച്ചുപണിയുന്നതിനു സര്‍ക്കാര്‍ നിയോഗിച്ച ശ്യാം ബെനഗല്‍ സമിതിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചലച്ചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു മിക്ക രാജ്യങ്ങള്‍ക്കും സ്വന്തം സംവിധാനമുണ്ട്. എന്നാല്‍, കലാകാരന്റെ സര്‍ഗാത്മകതയും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തണം. സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ കഴിയുന്നത്ര വിവേചനരഹിതവുമായിരിക്കണം. മന്ത്രി പറഞ്ഞു.
വാര്‍ത്താവിനിമയ പ്രക്ഷേപണ സഹമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ്, ശ്യാം ബെനഗല്‍, സമിതി അംഗങ്ങളായ ചലച്ചിത്ര നിര്‍മാതാവ് രക്‌യേഷ് ഓം പ്രകാശ് മെഹ്‌റ, പരസ്യരംഗത്തെ വിദഗ്ധന്‍ പീയുഷ് പാണ്ഡെ, ചലച്ചിത്ര നിരൂപകന്‍ ഭാവനാ സൊമായ, എന്‍എഫ്‌സിസി മാനേജിങ് ഡയറക്ടര്‍ നിന ലാത് ഗുപ്ത, എന്‍എഫ്‌സിസി ജോയിന്റ് സെക്രട്ടറി സഞ്ജയ് മൂര്‍ത്തി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
സെന്‍സര്‍ ബോര്‍ഡ് സ്‌ക്രീനിങ് സമിതി അംഗങ്ങള്‍ക്കു ഗുണകരമാവുന്ന തരത്തില്‍ ചലച്ചിത്ര നിര്‍മാണ നിയമത്തിന്റെ വകുപ്പുകള്‍ വ്യാഖ്യാനിക്കുന്നതിനു ബെനഗല്‍ സമിതി സമഗ്രമായ വ്യവസ്ഥകള്‍ തയ്യാറാക്കുമെന്ന് റാത്തോഡ് വിശ്വാസംപ്രകടിപ്പിച്ചു. സെന്‍സര്‍ഷിപ്പിനു പകരം പ്രായം, പക്വത, സംവേദന ക്ഷമത, വിവേകം എന്നിവ പരിഗണിച്ച് ചലച്ചിത്രങ്ങള്‍ തരംതിരിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമാണെന്ന് ശ്യാം ബെനഗല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it