Flash News

സെന്‍കുമാറിന്റെ പുനര്‍നിയമനം സംബന്ധിച്ച കേസ് : മാപ്പപേക്ഷയുമായി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍



ന്യൂഡല്‍ഹി: ടി പി സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് പുനര്‍നിയമിക്കുന്നതു സംബന്ധിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ മാപ്പുപറഞ്ഞു. കോടതി നിര്‍ദേശം പാലിക്കുന്നതില്‍ കാലതാമസമുണ്ടാവാന്‍ കാരണം നിയമോപദേശത്തിന് കാത്തിരുന്നതുകൊണ്ടാണെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.സുപ്രിംകോടതി നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ചപറ്റിയിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പ് ചോദിക്കുന്നെന്നാണ് നളിനി നെറ്റോ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. കോടതിവിധിയില്‍ വ്യക്തത തേടി അപേക്ഷ നല്‍കിയതും സര്‍ക്കാരിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്.  ചീഫ് സെക്രട്ടറിക്കെതിരായി സെന്‍കുമാര്‍  നല്‍കിയ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും സത്യവാങ്മൂലത്തില്‍ അപേക്ഷിക്കുന്നുണ്ട്. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് പുനര്‍നിയമിക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കിയതിനാല്‍ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് അപേക്ഷയില്‍ പറയുന്നത്. സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജി ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ തിരക്കിട്ട് സുപ്രിംകോടതിയില്‍ മാപ്പപേക്ഷ നല്‍കിയത്. കേസില്‍ കൂടുതല്‍ തിരിച്ചടി ഉണ്ടാവുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തിയത്. കേസില്‍ സര്‍ക്കാര്‍ നല്‍കിയ പുനപ്പരിശോധനാ ഹരജി പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നും ചീഫ് സെക്രട്ടറി നല്‍കിയ മാപ്പപേക്ഷയില്‍ പറയുന്നുണ്ട്.സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ മാപ്പുപറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് മാപ്പുപറഞ്ഞുള്ള ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം സുപ്രിംകോടതിയിലെത്തിയത്.
Next Story

RELATED STORIES

Share it