Flash News

സെന്‍കുമാറിനെതിരായ കേസുകളുടെ വിശദാംശം സമര്‍പ്പിക്കണം



കൊച്ചി: മുന്‍ പോലിസ് മേധാവി ഡോ. ടി പി സെന്‍കുമാറിനെതിരേ നിലവിലുള്ള കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ (കെടിഡിഎഫ്‌സി) എംഡിയായിരിക്കെ വായ്പ നല്‍കിയതില്‍ ക്രമക്കേട് കാട്ടിയെന്നും വ്യാജരേഖ സമര്‍പ്പിച്ച് അവധി ആനുകൂല്യം നേടിയെന്നുമുള്ള കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാനാണ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. അനധികൃത വായ്പ നല്‍കിയെന്ന പരാതിയിലെ ത്വരിതാന്വേഷണവും നടപടികളും റദ്ദാക്കണമെന്നും വ്യാജ രേഖക്കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സെന്‍കുമാര്‍ നല്‍കിയ ഹരജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം. ഇന്നലെ കേസ് പരിഗണിക്കവേ വായ്പാക്രമക്കേട് കേസില്‍ ത്വരിതാന്വേഷണം പൂര്‍ത്തയാക്കി വിജിലന്‍സ് റിപോര്‍ട്ട് നല്‍കിയിട്ടുള്ളതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.അതേസമയം, വ്യാജരേഖ ചമച്ച കേസില്‍ സെന്‍കുമാറിനെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഈ കേസുകളുടെ വിശദാംശങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. കേസുകള്‍ വീണ്ടും പരിഗണിക്കുന്ന ഈ മാസം 11നകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം.
Next Story

RELATED STORIES

Share it