Flash News

സെന്‍കുമാര്‍ വീണ്ടും പോലിസ് മേധാവി ; സര്‍ക്കാരിന് കനത്ത പ്രഹരം



തിരുവനന്തപുരം/ന്യൂഡല്‍ഹി: ടി പി സെന്‍കുമാറിനെ സംസ്ഥാന പോലിസ് മേധാവിയായി സര്‍ക്കാര്‍ പുനര്‍നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ ഇന്നലെ വൈകീട്ടോടെ മുഖ്യമന്ത്രി ഒപ്പുവച്ചു. ടി പി സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന ഉത്തരവില്‍ വ്യക്തത തേടി സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളിയ പശ്ചാത്തലത്തിലാണ് നടപടി. നിയമന ഉത്തരവ് ഇന്നു സെന്‍കുമാറിന് കൈമാറും. സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജി ഒമ്പതിന് സുപ്രിംകോടതി പരിഗണിക്കുമ്പോള്‍ നിയമന ഉത്തരവ് ഹാജരാക്കും. നിയമനം ലഭിച്ചതോടെ സെന്‍കുമാര്‍ ഈ ഹരജി പിന്‍വലിക്കും. സുപ്രിംകോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടയുടനെ മുഖ്യമന്ത്രി ഉള്‍പ്പെടെ ബന്ധപ്പെട്ടവര്‍ വിഷയം ചര്‍ച്ച ചെയ്തു. നിയമസഭാ സമ്മേളനം കഴിഞ്ഞയുടന്‍ എകെജി സെന്ററില്‍ സെക്രട്ടേറിയറ്റ് യോഗവും ചേര്‍ന്നിരുന്നു. ഇതിലാണ് സെന്‍കുമാറിനെ നിയമിക്കാന്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് നിയമന ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. സെന്‍കുമാറിനെ ഉടന്‍ നിയമിക്കേണ്ടിവരുമെന്ന് കണ്ട് ഐപിഎസ്, ഡിവൈഎസ്പി തലത്തില്‍ വന്‍ അഴിച്ചുപണിയും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സര്‍ക്കാര്‍ നടത്തിയിരുന്നു. നിലവിലെ പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായും നിയമിച്ചിട്ടുണ്ട്. അതേസമയം, അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് മേധാവി തോമസ് ജേക്കബിന്റെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന ഉത്തരവില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിയ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാതെ വൈകിപ്പിച്ച സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഇന്നലെ നടത്തിയത്.  കൂടാതെ, കോടതിച്ചെലവായി 25,000 രൂപ പിഴയടയ്ക്കണമെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.  ഏപ്രില്‍ 24ന് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത വരുത്തണമെന്നും വിധിയില്‍ ഭേദഗതി വരുത്താന്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. പുനര്‍നിയമനം വൈകിപ്പിച്ചതിന് ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരേ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി സ്വീകരിച്ച ബെഞ്ച്, സംസ്ഥാന സര്‍ക്കാരിന് നോട്ടീസയക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കുമോ എന്നു നോക്കാമെന്നും നടപ്പാക്കിയില്ലെങ്കില്‍ എന്തു വേണമെന്ന് അറിയാമെന്നുമുള്ള കടുത്ത പരാമര്‍ശവും കോടതി നടത്തി. വിധിയില്‍ ഒരുതരത്തിലുള്ള വ്യക്തതക്കുറവുമില്ല. സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയ ജ. മദന്‍ ബി ലോകുര്‍, നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി. അതേസമയം, നളിനി നെറ്റോയെ നേരിട്ടു വിളിച്ചുവരുത്തണമെന്ന സെന്‍കുമാറിന്റെ അഭിഭാഷകന്റെ ആവശ്യം, നോട്ടീസിന് സര്‍ക്കാരിന്റെ മറുപടി ലഭിച്ചശേഷം പരിഗണിക്കാമെന്നു വ്യക്തമാക്കി കോടതി തള്ളി. സെന്‍കുമാറിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവരും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജയ്ദീപ് ഗുപ്ത, സിദ്ധാര്‍ഥ് ലൂത്ര, ജി പ്രകാശ് എന്നിവരുമാണ് ഹാജരായത്. സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതി ഉത്തരവിനെ പരിഹസിക്കുകയാണെന്നും തന്റെ കക്ഷി സര്‍വീസില്‍നിന്ന് വിരമിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. സ്ഥാനത്തുനിന്ന് മാറ്റാന്‍ വെറും 24 മണിക്കൂര്‍ മാത്രമെടുത്ത സര്‍ക്കാര്‍ അദ്ദേഹത്തെ പുനര്‍നിയമിക്കാന്‍ 13 ദിവസത്തിലേറെ എടുത്തുവെന്നും ദുഷ്യന്ത് ദവെ വാദിച്ചു. പുനര്‍നിയമന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയുടെ മറുപടി. എന്നാല്‍ സെന്‍കുമാറിനെ സംസ്ഥാന പോലിസ് മേധാവിയായി നിയമിച്ചിട്ടില്ലെന്ന് ലൂത്ര പറഞ്ഞു. ഈ കേസില്‍ രണ്ടു ദിവസം വാദം നടന്നപ്പോള്‍ നിങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ലേയെന്നും ഇക്കാര്യം അന്നു വാദിക്കുകയോ ഉന്നയിക്കുകയോ ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്നുമുള്ള ലോകുറിന്റെ ചോദ്യത്തിന് ലൂത്രയ്ക്ക് ഉത്തരംമുട്ടി. 25,000 രൂപ പിഴയൊടുക്കണമെന്ന് കോടതി ഉത്തരവിട്ടതോടെ, ഹരജി പിന്‍വലിക്കാന്‍ തയ്യാറാണെന്ന് സിദ്ധാര്‍ഥ് ലൂത്ര പറഞ്ഞു. എന്നാല്‍, ഹരജി പിന്‍വലിച്ചാലും പിഴ ഈടാക്കുമെന്നാണ് ബെഞ്ച് വ്യക്തമാക്കിയത്. അതേസമയം, പോലിസ് മേധാവിയാകാന്‍ യാതൊരു തിടുക്കവുമില്ലെന്നും സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സെന്‍കുമാര്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it