thrissur local

സെന്റ് തോമസ് കോളജിലെ സ്റ്റാറ്റിസ്റ്റിക്‌സ് ത്രിദിന ദേശീയ സെമിനാറിന് സമാപനം

തൃശൂര്‍: സെന്റ് തോമസ് കോളജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപാര്‍ട്ട്‌മെന്റിന്റെയും കേരളാ സ്റ്റാറ്റിസ്റ്റിക്കല്‍ അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍   “സ്റ്റാറ്റിസ്റ്റിക്‌സിലെ നൂതനമായ സമീപനങ്ങള്‍” വിഷയത്തില്‍ നടന്ന ത്രിദിന നാഷനല്‍ സെമിനാര്‍ സമാപിച്ചു. മൂന്നാം ദിനത്തിലെ സമാപനച്ചടങ്ങ് തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളാ സ്റ്റാറ്റിസ്റ്റിക്കല്‍ അസോസിയേഷന്റെ വാര്‍ഷിക സമ്മേളന ഭാഗമായി നടത്തിയ നാഷണല്‍ സെമിനാറില്‍ സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി ഒ ജെന്‍സന്റെ റിട്ടയര്‍മെന്റിനോടനുബന്ധിച്ചുള്ള പരിപാടികളും നടന്നു.
ഗവേഷണം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിവിധ മേഖലകളില്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ മുന്നേറ്റങ്ങളെയും നൂതനമായ സമീപനങ്ങളെയുംകുറിച്ച് സെമിനാറില്‍ ചര്‍ച്ച നടന്നു. പുതിയ ആശയങ്ങളുടെ ഉല്‍ഭവത്തിനും സ്റ്റാറ്റിസ്റ്റിക്‌സ് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ അറിവ് പകര്‍ന്നുനല്‍കാനും സെമിനാറിലൂടെ സെന്റ് തോമസ് കോളജ് വേദിയായി.
സെമിനാറില്‍ വിവിധ ദിവസങ്ങളിലായി മക്ഗില്‍ യൂനിവേഴ്‌സിറ്റി എമിറേറ്റ്‌സ് പ്രഫ. ഡോ. എ എം മത്തായി, ബാംഗ്ലൂര്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രഫ. ഡോ. ബി രാജീവ്, കേരളാ യൂനിവേഴ്‌സിറ്റി എമിറേറ്റ്‌സ് പ്രഫ. ഡോ. പി യാഗീന്‍ തോമസ്, കുസാറ്റ്  പ്രൊ വൈസ് ചാന്‍സലര്‍ ഡോ. പി ജി ശങ്കരന്‍, കേരളാ യൂണിവേഴ്‌സിറ്റി  പ്രഫ. ഡോ. സി സതീഷ് കുമാര്‍, തിരുച്ചിറപ്പള്ളി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മന്റ് പ്രഫ. ഡോ. വിനു സി ടി, ബാംഗ്ലൂര്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രഫ. ഡോ. ഇ വി ജിജോ, പാലാ സെന്റ് തോമസ് കോളജ് എമിറേറ്റ്‌സ് സയന്റിസ്റ്റ് ഡോ. കെ കെ ജോസ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രഫ. ഡോ. കെ ജയകുമാര്‍, കുസാറ്റ് പ്രഫ. ഡോ. എം സുനോജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രഫ. ഡോ. എം മനോഹരന്‍, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി പ്രഫ. ഡോ. ജോബി കെ ജോസ് തുടങ്ങിയ മുഖ്യാതിഥികള്‍ പ്രബന്ധ അവതരണം നടത്തി. കൂടാതെ സ്റ്റാറ്റിസ്റ്റിക്‌സ്‌ന്റെ വിവിധ മേഖലയിലെ ഒട്ടനവധി വ്യക്തികളും പ്രബന്ധ അവതരണം നടത്തി.
കേരളാ സ്റ്റാറ്റിസ്റ്റിക്കല്‍ അസോസിയേഷന്റെ ജേര്‍ണലിലെ പ്രസിദ്ധീകരണങ്ങളില്‍ നിന്നും ബെസ്റ്റ് പേപ്പറിനുള്ള ടി എസ് കെ മൂസത് ബെസ്റ്റ് പേപ്പര്‍ അവാര്‍ഡ് പ്രഫ. കെ കെ ശങ്കരന്‍ കരസ്ഥമാക്കി. പ്രഫ. ആര്‍ എന്‍ പിള്ളൈ യങ് സ്റ്റാറ്റിസ്റ്റിസിന്‍ അവാര്‍ഡ് തൃശൂര്‍ സെന്റ് തോമസ് കോളേജ് റിസര്‍ച്ച് സ്‌കോളര്‍ വിദ്യാര്‍ഥിനി ദീപ്തി കെ എസ് കരസ്ഥമാക്കി. കൂടാതെ സെമിനാറിന്റെ ഭാഗമായി നടന്ന പ്രഫ. യു എസ് നായര്‍ ഓള്‍ കേരളാ ക്വിസ് കോംപിറ്റേഷനില്‍ മുവാറ്റുപുഴ നിര്‍മ്മല കോളജ് ഒന്നാം സ്ഥാനവും പാലാ സെന്റ് തോമസ് കോളജ് രണ്ടാം സ്ഥാനവും ഇരിട്ടി എം ജി കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെമിനാറിന്റെ രണ്ടാം ദിനത്തില്‍ കേരളാ സ്റ്റാറ്റിസ്റ്റിക്കല്‍ അസോസിയേഷനില്‍ നിന്നും വിരമിക്കുന്ന എട്ട് അധ്യാപകരെ ആദരിച്ചു. തുടര്‍ന്ന് കേരളാ സ്റ്റാറ്റിസ്റ്റിക്കല്‍ അസോസിയേഷന്റെ വാര്‍ഷിക സമ്മേളനവും നടന്നു.
Next Story

RELATED STORIES

Share it