malappuram local

സെന്റര്‍ മാര്‍ക്കിങും സര്‍വേയും 19ന് തുടങ്ങും: ജില്ലാ കലക്ടര്‍

മലപ്പുറം: ജില്ലയില്‍ ദേശീയപാതയ്ക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള സെന്റര്‍ മാര്‍ക്കിങ് മാര്‍ച്ച് 19 മുതല്‍ തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ഇതിനോടൊപ്പം ഉടമയ്ക്ക് നഷ്ടപ്പെടുന്ന ഭൂമി ക്യത്യമായി കണ്ടെത്തുന്നതിനുള്ള സര്‍വേ പ്രവര്‍ത്തനങ്ങളുമുണ്ടാവും. ഭൂമി എറ്റെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
വിജ്ഞാപനത്തില്‍ പാത കടന്നുപോവുന്ന പ്രദേശത്തെ സര്‍വേ നമ്പരുകള്‍ വ്യക്തമാക്കിയിരുന്നു. ഈ സര്‍വേ നമ്പറിലുള്ള ഭൂമിയിലായിരിക്കും സര്‍വേ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക. അലൈന്‍മെന്‍ിന്റെ മധ്യഭാഗം കണ്ടെത്തി രണ്ട് ഭാഗത്തേക്കുമാണ് മാര്‍ക്കിങ് നടത്തുക. ഇതിനോടൊപ്പം സ്ഥലത്തിന്റെ അതിര്‍ത്തി തിരിക്കുകയും ഓരോ 50 മീറ്ററും ഇടവിട്ട് മൈല്‍ കുറ്റികള്‍ സ്ഥാപിക്കുകയും ചെയ്യും. കുറ്റിപ്പുറത്തുനിന്നാണ് പ്രവൃത്തികള്‍ തുടങ്ങുക.
ഒരുമാസം കൊണ്ട് നിര്‍ദിഷ്ട 140 ഹെക്ടര്‍ 54 കിലോമീറ്റര്‍ നീളത്തില്‍ സര്‍വേയും അനുബന്ധ പ്രവൃത്തികളും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് പരാതി സമര്‍പ്പിക്കുന്നതിനുഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച കോട്ടക്കലുള്ള ഡെപ്യുട്ടി കലക്ടറുടെ ഓഫിസില്‍ സൗകര്യം ചെയ്തിട്ടുണ്ട്. ഒരോ പരാതിക്കാരന്റെയും പ്രശ്‌നങ്ങള്‍ മുഴുവന്‍ കേട്ടതിനുശേഷമേ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കു. ഡോ. ജെ ഒ അരുണാണ് ഡെപ്യുട്ടി കലക്ടര്‍. സര്‍വേ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആധുനിക മെഷിനുകള്‍ ഉപയോഗിക്കും.
ഇതിനു പുറമെ 30 വകുപ്പ് സര്‍വേയര്‍മാരെയും 30 സ്വകാര്യ സര്‍വേയര്‍മാരെയും ഉപയോഗിക്കും. ഇതിനുപുറമെ 90 ചെയിന്‍മാന്‍മാരും ഉണ്ടാവും. സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ടോട്ടല്‍ സ്റ്റേഷന്‍ സംവിധാനവും ഉപയോഗിക്കും.
ഇതിനു പുറമെ ഭൂവുടമകളുടെ കാര്‍ഷിക നഷ്ടം, മരങ്ങള്‍, കെട്ടിടങ്ങളുടെ നഷ്ടം എന്നിവ കണക്കാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിലെ ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ കണക്കെടുപ്പുമുണ്ടാവും
Next Story

RELATED STORIES

Share it