Sports

സെഞ്ച്വറിയുമായി സഞ്ജു ; സന്നാഹത്തില്‍ സമനില



കൊല്‍ക്കത്ത: ഇന്ത്യന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കയെ സന്നാഹ മല്‍സരത്തില്‍ മലയാളി താരം സഞ്ജുസാംസണ്‍ നയിച്ച ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ടീം സമനിലയില്‍ തളച്ചു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍, ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു നില്‍ക്കെ ഇരു ക്യാപ്റ്റന്‍മാരും സമനില്ക്കു സമ്മതിക്കുകയായിരുന്നു. ബോര്‍ഡ് ടീമിനെ നയിച്ച മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ടീമിന്റെ സമനില നേട്ടത്തിന് കാരണമായത്. മറ്റു മലയാളി താരങ്ങളായ രോഹന്‍ പ്രേം, ജലജ് സക്‌സേന എന്നിവരും ഇന്നലെ തിളങ്ങി. 143 പന്ത് നേരിട്ട സഞ്ജു 19 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് 128 റണ്‍സ് നേടിയത്. 31/2 എന്ന നിലയില്‍ ടീം പ്രതിസന്ധിയിലായിരുന്ന സമയത്ത് ക്രീസിലെത്തിയ സഞ്ജു മൂന്ന് അര്‍ദ്ധ സെഞ്ച്വറി കൂട്ടു കെട്ടുകളില്‍ പങ്കാളിയായാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് സമനില നേടുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ ജീവന്‍ജോത് സിംഗിനൊപ്പം 68 റണ്‍സിന്റെ കൂട്ടുകെട്ടു തീര്‍ത്ത സഞ്ജു, നാലാം വിക്കറ്റില്‍ മറ്റൊരു മലയാളി താരം രോഹന്‍ പ്രേമിനൊപ്പം 71 റണ്‍സും കൂട്ടുച്ചേര്‍ത്തു. രോഹന്‍61 പന്തില്‍ അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 39 റണ്‍സെടുത്ത് പുറത്തായി. അഞ്ചാം വിക്കറ്റില്‍ ബി.സന്ദീപിനൊപ്പം 85 റണ്‍സിന്റെ കൂട്ടുകെട്ടും സഞ്ജു  തീര്‍ത്തു. വിക്കറ്റ് കീപ്പര്‍ ഡിക്‌വെല്ലെയുടെ കൈയില്‍ എത്തിച്ച് സമരവിക്രമയാണ് സഞ്ജുവിനെ പുറത്താക്കിയത്. രോഹന്‍ പ്രേമിനെ ധനഞ്ജയ വിക്രമയാണ് എല്‍ബിയില്‍ കുരുക്കി ഔട്ടാക്കിയത്. ഓപ്പണര്‍ തന്‍മയ് അഗര്‍വാളിനെയും (16) ആകാശ് ഭണ്ഡാരിയെയും (3) തിരിമനെ പുറത്താക്കി. ജീവന്‍ജ്യോതിനെ ഡിക്‌വെല്ലയുടെ കൈയില്‍ എത്തിച്ച് ദില്‍റുവാന്‍ പെരേരയാണ് വീഴ്ത്തിയത്. ബി.പി. സന്ദീപ് 33 റണ്‍സുമായും കേരള രഞ്ജി താരം ജലജ് സക്‌സേന 20 റണ്‍സുമായും പുറത്താകാതെ നിന്നു.
Next Story

RELATED STORIES

Share it