Cricket

സെഞ്ചൂറിയനില്‍ ഇന്ത്യന്‍ കളി മാറും, ടീമില്‍ അഴിച്ചുപണിക്ക് സാധ്യത

സെഞ്ചൂറിയനില്‍ ഇന്ത്യന്‍ കളി മാറും, ടീമില്‍ അഴിച്ചുപണിക്ക് സാധ്യത
X


സെഞ്ചൂറിയന്‍: നാട്ടിലെ സിംഹങ്ങള്‍ വിദേശത്ത് പൂച്ചക്കുട്ടികളായതിന്റെ നാണക്കേട് മായ്ക്കാന്‍ ഇന്ത്യക്ക് സെഞ്ച്വൂറിയനില്‍ വിജയിക്കണം. കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തിന് മുന്നില്‍ തലകുനിഞ്ഞ് നില്‍ക്കേണ്ടി വന്ന കോഹ്‌ലിപ്പടയ്ക്ക് ഇത്തവണ വിജയം അനിവാര്യമാണ്. അല്ലാത്തപക്ഷം ഹോം ഗ്രൗണ്ടിലെ തുടര്‍ജയങ്ങളിലൂടെ കെട്ടിപ്പടുത്ത റെക്കോഡ് കൊട്ടാരങ്ങളെല്ലാം കണ്‍മുന്നില്‍ തകര്‍ന്നുവീഴുന്നതിന് മൂക സാക്ഷിയാവേണ്ടി വരും.

ടീമില്‍ അഴിച്ചുപണി

ആദ്യ ടെസ്റ്റില്‍ ബാറ്റിങില്‍ സര്‍വവും പിഴച്ച ഇന്ത്യ ടീമിനുള്ളില്‍ ശുദ്ധികലശത്തിന് തയ്യാറെടുക്കുകയാണ്. നാട്ടിലെ കൊമ്പന്‍മാരെല്ലാം വിദേശത്ത് നിഷ്പ്രഭമായപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും ഏറെ പഴികേള്‍ക്കേണ്ടി വന്നു. മികച്ച ഫോമിലുള്ള കെ എല്‍ രാഹുലിനെ പുറത്തിരുത്തി ശിഖര്‍ ധവാനെ ഓപണിങ്ങില്‍ ഇറക്കിയതും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃധിമാന്‍ സാഹ മോശം ഫോം പുറത്തെടുത്തിട്ടും ടീമില്‍ നിലനിര്‍ത്തിയതുമാണ് ഏറ്റവും കൂടുതല്‍ ചോദ്യം ചെയ്യപ്പെട്ടത്. ഇന്ത്യക്ക് പുറത്ത് 13 മല്‍സരങ്ങള്‍ കളിച്ച സാഹയുടെ അക്കൗണ്ടില്‍ 29.47 ശരാശരിയില്‍ 560 റണ്‍സാണുള്ളത്. 104 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്ത് പലപ്പോഴും ഉയരാന്‍ സാഹയ്ക്ക് കഴിയുന്നില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ സാഹയുടെ ചോരാത്ത കൈകളാണ് വീണ്ടും വീണ്ടും സാഹയുടെ ടീമിലെ സ്ഥാനം ഉറപ്പിക്കുന്നത്. സാഹയെ പുറത്തിരുത്തിയാല്‍ ഇന്ത്യയുടെ മുഖ്യ പരിഗണനയിലുള്ള മറ്റൊരു കീപ്പര്‍ പാര്‍ഥിവ് പട്ടേലാണ്. അനുഭവസമ്പത്തേറെയുള്ള താരമാണ് പട്ടേലെങ്കിലും ബാറ്റിങ് കണക്കുകളില്‍ സാഹയേക്കാള്‍ താഴെയാണ് പട്ടേലിന്റെ സ്ഥാനം. 24 എവേ മല്‍സരങ്ങള്‍ കളിച്ച പട്ടേലിന്റെ അക്കൗണ്ടില്‍ 23.24 ശരാശരിയില്‍ 488 റണ്‍സാണുള്ളത്. ഉയര്‍ന്ന സ്‌കോര്‍ 95. എങ്കിലും നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ പട്ടേലില്‍ പ്രതീക്ഷ അര്‍പ്പിക്കാം. അങ്ങനെയാണെങ്കില്‍ സാഹയ്ക്ക് പകരം വിക്കറ്റിന് പിന്നില്‍ പട്ടേലെത്താന്‍ സാധ്യതയേറെയാണ്.ബൗളിങ് നിരയില്‍ ഇശാന്ത് ശര്‍മയും മടങ്ങിയെത്തുമെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയിലെ വേഗപിച്ചില്‍ ഇശാന്തിന്റെ കില്ലര്‍ ബൗണ്‍സറുകള്‍ ഇന്ത്യന്‍ ബൗളിങിന് മൂര്‍ച്ചകൂട്ടുമെന്നുറപ്പ്. ഇശാന്ത് മടങ്ങിവന്നാല്‍ ഭുവനേശ്വര്‍ കുമാറിന് പുറത്തിരിക്കേണ്ടി വരും.ഈ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച ജസ്പ്രീത് ബൂംറ രണ്ടാം ടെസ്റ്റിലും കളിക്കുമെന്നാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it