സെക്രേട്ടറിയറ്റ് പരിസരത്തെ സമരങ്ങള്‍ നിരോധിക്കണം

തിരുവനന്തപുരം: സെക്രേട്ടറിയറ്റ് പരിസരങ്ങളിലെ സമരങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, തൊഴില്‍ സംഘടനകള്‍, സാമുദായിക സംഘടനകള്‍ തുടങ്ങിയവയ്ക്ക് ധര്‍ണയും പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്താന്‍ നഗരത്തില്‍ നിന്നു മാറി മറ്റൊരു സ്ഥലം അനുവദിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
ജേണലിസ്റ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് പൂവച്ചല്‍ സദാശിവന്‍ നല്‍കിയ പരാതിയിലാണ് നടപടി. പൊതുനിരത്തിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഹൈക്കോടതി ഉത്തരവിനു വിരുദ്ധമായി സെക്രേട്ടറിയറ്റ് പരിസരത്ത് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാറുണ്ടെന്ന് സംസ്ഥാന പോലിസ് മേധാവി കമ്മീഷനില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. സെക്രേട്ടറിയറ്റിനു മുന്നില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇതിനായി മറ്റൊരു സ്ഥലം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമരങ്ങള്‍ നടന്നിട്ടും നടപടിയുണ്ടായില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും സാമുദായിക സംഘടനകള്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ടെങ്കിലും അത് മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമാവരുതെന്ന് കമ്മീഷന്‍ ഉത്തരവി ല്‍ പറഞ്ഞു. യാതൊരു തത്ത്വദീക്ഷയുമില്ലാതെ നിരന്തരം റോഡ് അടച്ച് ജനങ്ങളെ വലയ്ക്കുന്ന ഇത്തരം പ്രകടനങ്ങള്‍ കാല്‍നട-വാഹന യാത്രികരുടെയും ജീവനക്കാരുടെയും മൗലികാവകാശം തടസ്സപ്പെടുത്തുന്നതാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.



Next Story

RELATED STORIES

Share it