Flash News

സെക്രട്ടേറിയറ്റ് ഉപരോധം സംഘര്‍ഷഭരിതം : യൂത്ത് കോണ്‍ഗ്രസ്-യുവമോര്‍ച്ച തെരുവുയുദ്ധം



തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ യൂത്ത് കോണ്‍ഗ്രസ്സും യുവമോര്‍ച്ചയും സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധസമരത്തില്‍ വ്യാപക സംഘര്‍ഷം. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കല്ലേറില്‍ ഒരു പോലിസുകാരനു പരിക്ക്. സമരം അവസാനിക്കുംവരെ സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത്, സൗത്ത് ബ്ലോക് സംഘര്‍ഷഭരിതമായിരുന്നു. രണ്ടു ഭാഗത്തായി സംഘടിച്ച പ്രവര്‍ത്തകര്‍ പരസ്പരം ഫഌക്‌സുകളും മറ്റും അടിച്ചുതകര്‍ത്തു. മറ്റു പാര്‍ട്ടികള്‍ സ്ഥാപിച്ച ഫഌക്‌സും നശിപ്പിച്ചു.കഴിഞ്ഞദിവസം രാത്രിതന്നെ യൂത്ത് കോണ്‍ഗ്രസ്-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധസമരത്തില്‍ പങ്കെടുക്കാന്‍ സെക്രട്ടേറിയറ്റിന് മുമ്പിലെത്തിയിരുന്നു. പ്രധാന സമരകവാടമായ നോര്‍ത്ത് ബ്ലോക്കിനായി പ്രവര്‍ത്തകര്‍ വാശിപിടിച്ചതാണു രാത്രിയിലത്തെ സംഘര്‍ഷത്തിനിടയാക്കിയത്. പോലിസ് ഇടപെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സൗത്ത് ബ്ലോക് കവാടത്തിനരികിലേക്കു മാറ്റുകയായിരുന്നു.  എന്നാല്‍ ഇന്നലെ രാവിലെയും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച ഫഌക്‌സുകള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പോലിസിന് മുമ്പില്‍ നശിപ്പിച്ചു. ഇതില്‍ പ്രകോപിതരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  ഫഌക്‌സിന്റെ ചട്ടയും കൊടികെട്ടിയ കമ്പുകളും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്യാംപ് ചെയ്യുന്ന ഭാഗത്തേക്കു വലിച്ചെറിഞ്ഞു. ഇതോടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കല്ലും പ്ലാസ്റ്റിക് കവറിലുള്ള വെള്ളവും തിരിച്ചെറിഞ്ഞു. ഈ ഏറിലാണ് ഒരു പോലിസുകാരനു പരിക്കേറ്റത്. റോഡില്‍ വീണ ഇയാളെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്കു മാറ്റി. അതേസമയം യുവമോര്‍ച്ച-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലിനിടെ എസ്ഡിപിഐ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് പ്രതിഷേധ ധര്‍ണയും ഇതിനിടയില്‍ സമാധാനപരമായി നടന്നു.  യൂത്ത് കോണ്‍ഗ്രസ് ഉപരോധസമരം ദേശീയ പ്രസിഡന്റ് അമരീന്ദര്‍സിങ് രാജ് ബ്രാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അധ്യക്ഷനായി. കെപിസിസി പ്രസിഡന്റ് എം എം ഹസന്‍, വി എസ് ശിവകുമാര്‍ എംഎല്‍എ, എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ്, എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ശബരീനാഥ്, റോജി ജോണ്‍ എന്നിവര്‍ പങ്കെടുത്തു. ഒരുമണിയോടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു മാറ്റിയതോടെ സമരം അവസാനിച്ചു. യുവമോര്‍ച്ച സമരം പൂനം മഹാജന്‍ എംപി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ പി പ്രകാശ് ബാബു അധ്യക്ഷനായി. വി വി രാജേഷ്, കെ സുരേന്ദ്രന്‍ സംബന്ധിച്ചു. ഉദ്ഘാടനച്ചടങ്ങിനു ശേഷം ഇവര്‍ മടങ്ങിയ ഉടന്‍, പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്തു സെക്രട്ടേറിയറ്റിനകത്തേക്കു കയറാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പോലിസ് പലതവണ ജലപീരങ്കി ഉപയോഗിച്ചു. സമരം അവസാനിച്ച ഒരുമണിവരെ സെക്രട്ടേറിയറ്റ് സംഘര്‍ഷഭരിതമായിരുന്നു. ഈ വഴിയുള്ള ഗതാഗതവും പോലിസ് നിരോധിച്ചിരുന്നു.
Next Story

RELATED STORIES

Share it