സെക്രട്ടേറിയറ്റില്‍ പഞ്ചിങ് നിര്‍ബന്ധമാക്കിയ ഉത്തരവിന് ഇന്നുമുതല്‍ പ്രാബല്യം

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് പഞ്ചിങ് നിര്‍ബന്ധമാക്കിയുള്ള പൊതുഭരണവകുപ്പിന്റെ ഉത്തരവ്് ഇന്നുമുതല്‍ പ്രാബല്യത്തില്‍വരും. സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനാണു നടപടി.
ബയോമെട്രിക് പഞ്ചിങ് സമ്പ്രദായം ശമ്പളവുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഇന്നുമുതല്‍ വൈകിയെത്തുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ കുറവുവരും. ഒരുമാസം മൂന്ന് മണിക്കൂറില്‍ കൂടുതല്‍ സമയം വൈകിയാല്‍ അത് ലീവായി പരിഗണിക്കും.
രണ്ട് ലീവില്‍ കൂടുതല്‍ എടുത്താലും ശമ്പളം കുറയും. മൂന്ന് മണിക്കൂറിനുള്ളിലാണ് വൈകുന്നതെങ്കില്‍ അര ദിവസത്തെ ശമ്പളവും മൂന്ന് മണിക്കൂറില്‍ കൂടുതലാണെങ്കില്‍ ഒരു ദിവസത്തെ ശമ്പളവും പോവും. അനുമതിയോടെ മാസത്തില്‍ രണ്ട് ലീവെടുക്കാം. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനും തീരുമാനം ബാധകമാണ്. ഇവര്‍ക്ക് പഞ്ചിങ് ഉണ്ടായിരുന്നെങ്കിലും സ്പാര്‍ക്കില്‍ ബന്ധിപ്പിച്ച് കണക്കെടുത്തിരുന്നില്ല. ഒന്നാം തിയ്യതി മുതല്‍ മന്ത്രിമാരുടെ സ്റ്റാഫിനും ഇത് ബാധകമാവും.
രാവിലെ 10.15 മുതല്‍ 5.15 വരെയാണ് സെക്രട്ടേറിയറ്റില്‍ പ്രവൃത്തിസമയം. ഡിസംബര്‍ ആദ്യവാരമാണ് പഞ്ചിങ് നിര്‍ബന്ധമാക്കിയുള്ള സര്‍ക്കുലര്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇറക്കിയത്. പഞ്ചിങ് സമ്പ്രദായം നേരത്തേ മുതല്‍ നിലവിലുണ്ടെങ്കിലും അത് ശമ്പളവുമായി ബന്ധിപ്പിച്ചിരുന്നില്ല. ഉത്തരവ് പ്രകാരം പഞ്ചിങ്് സംവിധാനം അണ്ടര്‍ സെക്രട്ടറിമാര്‍ മോണിറ്റര്‍ ചെയ്യണം. സെക്രട്ടേറിയേറ്റിന്റെ സുരക്ഷ കണക്കിലെടുത്ത് ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുറത്തു കാണുന്ന രീതിയില്‍ ധരിക്കണമെന്നും സര്‍ക്കുലറിലുണ്ട്.
നിലവില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇലക്ട്രോണിക് പഞ്ചിങ് സംവിധാനമുണ്ടെങ്കിലും ഹാജര്‍ നിരീക്ഷിക്കാന്‍ മാത്രമാണ് ഇതുപയോഗിക്കുന്നത്. ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി പഞ്ചിങ് ബന്ധിപ്പിക്കാത്തതിനാല്‍ വൈകിയെത്തുന്നതോ നേരത്തേ മുങ്ങുന്നതോ ജീവനക്കാരെ ബാധിച്ചിരുന്നില്ല. അതിനാല്‍ പലരും ഹാജര്‍ രേഖപ്പെടുത്തി മുങ്ങുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതു പരിഹരിക്കാനാണ് നിര്‍ബന്ധിത പഞ്ചിങ് ഏര്‍പ്പെടുത്തുന്നത്. അതേസമയം, പഞ്ചിങ് സംവിധാനം ശമ്പളവുമായി ബന്ധിപ്പിക്കുന്നതില്‍ സര്‍വീസ് സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it