സെക്രട്ടേറിയറ്റില്‍ ജനുവരി ഒന്നു മുതല്‍ പഞ്ചിങ് നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ജനുവരി 1 മുതല്‍ പഞ്ചിങ് സമ്പ്രദായത്തിലൂടെ ഹാജര്‍ നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ഇതോടെ ബയോമെട്രിക് പഞ്ചിങ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ 2018 ജനുവരി 1 മുതല്‍ ശമ്പളം ലഭിക്കൂ. എല്ലാ ജീവനക്കാരും തിരിച്ചറിയല്‍ കാര്‍ഡ് പുറമേക്കു കാണുന്ന വിധം ധരിക്കണമെന്നും 15നു മുമ്പ് എല്ലാവരും തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റണമെന്നും പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചു. മൂന്നുദിവസം തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വൈകിയെത്തുകയോ നേരത്തേ പോവുകയോ ചെയ്താല്‍ ഒരുദിവസത്തെ അവധിയായി രേഖപ്പെടുത്തും. മറ്റ് ഓഫിസുകളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു പോവുന്ന ജീവനക്കാര്‍ അവിടെ പഞ്ച് ചെയ്താല്‍ മതിയെന്നും ഉത്തരവിലുണ്ട്. നിലവില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇലക്ട്രോണിക് പഞ്ചിങ് സംവിധാനമുണ്ടെങ്കിലും ഹാജര്‍ നിരീക്ഷിക്കാന്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കുമായി പഞ്ചിങ് ബന്ധിപ്പിക്കാത്തതിനാ ല്‍ വൈകിയെത്തുന്നതോ നേരത്തേ മുങ്ങുന്നതോ ജീവനക്കാരെ ബാധിച്ചിരുന്നില്ല. അതിനാ ല്‍ പലരും ഹാജര്‍ രേഖപ്പെടുത്തി മുങ്ങുന്നുവെന്ന ആക്ഷേപമുയര്‍ന്നു. ഇതു പരിഹരിക്കാനാണ് നിര്‍ബന്ധിത പഞ്ചിങ് ഏര്‍പ്പെടുത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഒട്ടേറെ ഓഫിസുകളില്‍ എന്‍ഐസി നടപ്പാക്കിയ പഞ്ചിങ് സോഫ്റ്റ്‌വെയര്‍ തന്നെയാവും സംസ്ഥാനത്തും ഉപയോഗിക്കുക. പരിഷ്‌കാരത്തിനു മുന്നോടിയായി സ്പാര്‍ക്കിനെ ഓപണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറിലേക്കു മാറ്റും. വിരലടയാളം രേഖപ്പെടുത്തുന്ന പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകള്‍ കെല്‍ട്രോണ്‍ വഴിയാണു വാങ്ങുക. 5,250 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്.
Next Story

RELATED STORIES

Share it