Flash News

സെക്രട്ടറി തല ചര്‍ച്ച റദ്ദാക്കാന്‍ സാധ്യത കുറവെന്ന് സൂചനകള്‍

ന്യൂഡല്‍ഹി : പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈമാസം 15ന് നടക്കാനിരിക്കുന്ന ഇന്ത്യാ പാക്ക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നടക്കുമോ എന്ന ചോദ്യം ചര്‍ച്ചയാകുന്നു. ആക്രമണം ബന്ധങ്ങള്‍ക്കിടയില്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ടെങ്കിലും ചര്‍ച്ച നടക്കാന്‍ തന്നെയാണ് സാധ്യത എന്ന വിശകലനത്തിനാണ് ഇപ്പോഴും മുന്‍തൂക്കം.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍  ഇന്ത്യാ പാക്ക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയ്‌യില്‍ ജെയ്ഷ് എ മുഹമ്മദ് സംഘടനയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചേക്കുമെന്ന് റിപോര്‍ട്ടുണ്ട്. ജെയ്ഷ് എ മുഹമ്മദിനെതിരെ നടപടിയെടുത്താല്‍ മാത്രമേ ചര്‍ച്ച ഫലപ്രദമാകൂ എന്ന നിലപാട് ഇന്ത്യ എടുക്കാന്‍ സാധ്യതയുണ്ടെന്നാണ് ഉന്നത നയനന്ത്രവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
ആക്രമണത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പാകിസ്താനിലെ ബഹവല്‍പുറിലാണ് നടന്നതെന്നതിനും ഐഎസ് ഐയുടെ കരങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നതിനും തെളിവുണ്ടെന്നാണ് ഇന്ത്യയിലെ ഇന്റലിജന്‍സ് വൃത്തങ്ങളുടെ നിലപാട്; ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും. 1999ലെ വിമാനറാഞ്ചല്‍ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ഇന്ത്യ കരുതുന്ന ജെയ്ഷ് എ മുഹമ്മദ് നേതാവ് മസ്ഹൂദ് അസ്ഹര്‍ ബഹവല്‍പുറിലാണുള്ളത്. മസ്ഹൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിലെത്തിച്ചില്ലെങ്കില്‍ വിദേശകാര്യസെക്രട്ടറിതല ചര്‍ച്ച നടക്കുന്നതില്‍ അര്‍ഥമില്ലെന്ന് കരുതുന്നതായി ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
അതേസമയം സെക്രട്ടറിതല ചര്‍ച്ച നടക്കുകതന്നെ ചെയ്യുമെന്ന് പാകിസ്താനിലെ ഡോണ്‍ പത്രം റിപോര്‍ട്ടു ചെയ്തു. പത്താന്‍കോട്ട് സംഭവത്തിന് ശേഷമുള്ള ഇന്ത്യയുടെ പ്രതികരണങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും പത്രം പറയുന്നു. എന്നാല്‍ ചര്‍ച്ചയുടെ അന്തരീക്ഷത്തെ സംഭവം സാരമായി ബാധിക്കുമെന്നും ഡോണ്‍ വിലയിരുത്തി. എന്നാല്‍ ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനശ്രമങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നതായാണ് പാകിസ്താനിലെ എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രത്തിന്റെ വിലയിരുത്തല്‍.
പത്താന്‍കോട്ടുണ്ടായത് ഒരു ചെറിയസംഭവം മാത്രമാണെന്നും സമാധാനശ്രമങ്ങളെ അത് ബാധിക്കുമെന്ന് കരുതുന്നില്ലെന്നുമാണ് ഇന്ത്യയുടെ മുന്‍ കരസേനാമേധാവി ജനറല്‍ വി പി മാലിക് അഭിപ്രായപ്പെട്ടത്. ജാഗ്രത വര്‍ധിപ്പിച്ചും പ്രതിരോധസംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയുമാണ് ഇന്ത്യ ഇത്തരം സാഹചര്യങ്ങളോട് പ്രതികരിക്കേണ്ടതെന്നും ചര്‍ച്ച റദ്ദാക്കുകയല്ല വേണ്ടതെന്നും ഡല്‍ഹിസര്‍വകലാശാലയിലെ ഡിസാര്‍മമെന്റ് സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫസര്‍ ഹാപ്പിമോന്‍ ജേക്കബ് ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it