kozhikode local

സെക്ടറല്‍ ഓഫിസര്‍മാരായി 169 വില്ലേജ് ഓഫിസര്‍മാര്‍

കോഴിക്കോട്: തിരഞ്ഞെടുപ്പ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയതായി 169 വില്ലേജ് ഓഫിസര്‍മാരെ സെക്ടറല്‍ ഓഫിസര്‍മാരായി നിയമിച്ചു. പോളിങ് സ്‌റ്റേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരോഗതി റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട തകരാറുകള്‍ പരിഹരിക്കുന്നതിനുമാണ് ഇവരെ നിയോഗിച്ചത്.ഒരു ഗ്രാമപ്പഞ്ചായത്തിലെ 20 പോളിങ് സ്‌റ്റേഷനുകള്‍ക്കും മുനിസിപ്പാലിറ്റികളില്‍ 20 പോളിങ് സ്‌റ്റേഷനുകള്‍ക്കും ഒരു സെക്ടറല്‍ ഓഫിസറാണുണ്ടാകുക. വോട്ടെടുപ്പിന് രണ്ടു ദിവസം മുമ്പ് മുതല്‍ പോളിങിന് ശേഷം സാധനങ്ങള്‍ തിരികെ സ്‌ട്രോംങ് റൂമില്‍ സൂക്ഷിക്കുന്നതുവരെയാണ് ഇവരുടെ പ്രവര്‍ത്തനസമയം. പോളിങിന് തലേദിവസം എല്ലാ പോളിങ് സ്‌റ്റേഷനുകളും സന്ദര്‍ശിച്ച് പോളിങ് ഉദ്യോഗസ്ഥരെല്ലാം പോളിങ് സ്‌റ്റേഷനുകളില്‍ എത്തിയിട്ടുണ്ടോയെന്നും ഇലക്ട്രോണിക് വോട്ടിംങ് മെഷീന്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണം. ഏതെങ്കിലും സാധനങ്ങളുടെ കുറവുണ്ടായാല്‍ ഉടന്‍ ലഭ്യമാക്കാനും വോട്ടിങ് മെഷീന്‍ ആവശ്യമായി വരുന്നെങ്കില്‍ റിട്ടേണിങ് ഓഫിസറുമായി ബന്ധപ്പെട്ട് കാന്‍ഡിഡേറ്റ് സെറ്റിങ് നടത്തുന്നതിനുള്ള നടപടിയും സ്വീകരിക്കണം. ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ട് പോളിങ് സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പോലിസുമായി ബന്ധപ്പെട്ട്പരിഹരിക്കുകയും ഇവരുടെ ചുമതലയാണ്.
Next Story

RELATED STORIES

Share it