Alappuzha local

സൃഷ്ടികളിലെ സര്‍ഗാത്മക നിഷ്‌കളങ്കത തകഴിയെ ലോകസാഹിത്യകാരനാക്കി: കെ ജയകുമാര്‍

തകഴി: സാഹിത്യ സൃഷ്ടികളിലെ കളങ്കമില്ലായ്മയും സര്‍ഗാത്മക നിഷ്‌കളങ്കതയുമാണ് തകഴിയെ ലോകസാഹിത്യകാരനാക്കിയതെന്ന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ പറഞ്ഞു. തകഴി ജന്മദിന സമ്മേളന ഉദ്ഘാടനവും സാഹിത്യ പുരസ്‌കാര വിതരണവും തകഴി ശങ്കരമംഗലത്തു നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അധസ്ഥിത ജനവിഭാഗങ്ങളില്‍നിന്നുള്ള കഥാപാത്രങ്ങളെ സാഹിത്യത്തിന്റെ അകത്തളങ്ങളിലേക്ക് വിളിച്ചുകൊണ്ടുപോയി തകഴി കാലത്തിന്റെ, മാറ്റത്തിന്റെ എഴുത്തുകാരനായി. മാറ്റങ്ങള്‍ പകര്‍ത്തുന്നതിനൊപ്പം മാറ്റങ്ങള്‍ക്കപ്പുറത്ത് മനുഷ്യന്റെ മാറാത്ത ബന്ധങ്ങളും മാറ്റമില്ലായ്മയും അദ്ദേഹം എഴുതി. 'ചെമ്മീന്‍' പോലുള്ള കൃതികള്‍ ഏതു ഭാഷയിലും ഏതു പ്രസാധകനും ഏതു സമയത്തും പുറത്തിറക്കാന്‍ തയാറാകുന്നു. കാലംകരുതിവച്ച അനുഗ്രമാണ് തകഴി. സി രാധാകൃഷ്ണന്‍ ഭാരതത്തിന്റെ ഇതിഹാസകാരനാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമത് തകഴി പുരസ്‌കാരം കഥാകൃത്ത് സി രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി. പ്രഫ. എം തോമസ് മാത്യു ആധ്യക്ഷനായി. സമിതി വൈസ് ചെയര്‍മാന്‍ ഡോ. എസ് ബാലകൃഷ്ണന്‍ നായര്‍ എഴുത്തുകാരെ ആദരിച്ചു. ഡോ. കെ ശ്രീകുമാര്‍, സമിതി സെക്രട്ടറി അഡ്വ. ആര്‍ സനല്‍കുമാര്‍, അഞ്ജു നായര്‍ക്കുഴി, കെ പി കൃഷ്ണദാസ്, എസ് അജയകുമാര്‍, ശ്രീകുമാര്‍ വലിയമഠം, ചെറിയാന്‍ വി കോശി, രവി പാലത്തുങ്കല്‍, എ എന്‍ പുരം ശിവകുമാര്‍ സംസാരിച്ചു.
തുടര്‍ന്ന് പ്രതിഭാ ദര്‍ശനം പരിപാടി നടന്നു. നടി ഗൗതമി നായര്‍, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, ഗായത്രി അരുണ്‍, നടന്‍ റിയാസ് പങ്കെടുത്തു. തകഴി സ്മാരക സമിതിയും ഇന്‍ഫര്‍മേഷന്‍-പബഌക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് ഒരാഴ്ച നീണ്ട തകഴി സാഹിത്യോല്‍സവം സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it