Flash News

സൂര്യന് ചുറ്റും അദ്ഭുത വലയം ദൃശ്യമായി

കുമളി: സൂര്യന് ചുറ്റും അദ്ഭുത വലയം ദൃശ്യമായത് കൗതുകമായി. മലയോര മേഖലയിലെ ഈ നവ്യാനുഭവം ആയിരങ്ങള്‍ക്ക് കാഴ്ചയുടെ വിരുന്നായി. തിങ്കളാഴ്ച രാവിലെയാണ് സൂര്യനു ചുറ്റും അദ്ഭുത വലയം പ്രത്യക്ഷമായത്. സൂര്യനു ചുറ്റും ചുവന്നതും നീലയുമായ വലയം മലയോര മേഖലയായ കുമളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് അരമണിക്കൂറോളം ദൃശ്യമായത്. രാവിലെ 11.50നും 12.20നുമിടയിലാണ് മഴവില്ലിന് സമാനമായ ഈ പ്രതിഭാസം പ്രത്യക്ഷമായത്. ആദ്യമായാണ് ഈ മേഖലയിലെ ആളുകള്‍ സൂര്യനു ചുറ്റും ഇത്തരത്തിലൊരു വലയം കാണുന്നത്.
വാനനിരീക്ഷകര്‍ക്കിടയില്‍ 22 ഡിഗ്രി സര്‍ക്കുലര്‍ ഹാലോ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ലോലമായ മേഘപാളിയിലൂടെ സൂര്യന്റെയോ ചന്ദ്രന്റെയോ രശ്മികള്‍ പ്രതിഫലിച്ച് പ്രകാശിക്കുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാവുന്നതെന്നാണ് ശാസ്ത്രരേഖകള്‍ പറയുന്നത്. തണുത്ത രാജ്യങ്ങളില്‍ ഇത് നിത്യസംഭവമാണെങ്കിലും ഹൈറേഞ്ചില്‍ ഇത് അപൂര്‍വമാണ്. നിരവധി പേരാണ് ഈ ദൃശ്യം കാണാന്‍ തടിച്ചുകൂടിയത്. ആളുകള്‍ മൊബൈല്‍ കാമറകളിലും മറ്റും ഇതിന്റെ ദൃശ്യം പകര്‍ത്തുകയും ചെയ്തു.
Next Story

RELATED STORIES

Share it