Kollam Local

സൂര്യതാപം; മുന്‍കരുതലുകള്‍

വേനല്‍ചൂട് കനത്തതോടെ സൂര്യാഘാത സാധ്യത വര്‍ധിച്ചതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനി യന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന ചൂട് പുറത്തേക്ക് കളയുന്നതിന് തടസമുണ്ടാവുകയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥയെയാണ് സൂര്യാഘാതം.
വളരെ ഉയര്‍ന്ന ശരീരതാപം (103 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളില്‍), വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗത്തിലുള്ള നാഡിമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാ വസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേതുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കണ്ട് ചികില്‍സതേടണം.
സൂര്യാഘാതം കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീരശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണിത്.
വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും രക്തസമ്മര്‍ദം പോലെയുള്ള മറ്റു രോഗങ്ങള്‍ ഉള്ളവരിലുമാണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്.
ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശീവലിവ്, കടുത്ത ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദിയും, ബോധംകെട്ടുവീഴുക തുടങ്ങിയ വയാണ് താപശരീരശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍.
ശരീരം തണുത്ത അവസ്ഥയിലും നാഡീമിടിപ്പ് ശക്തികുറഞ്ഞ് വേഗത്തിലുള്ളതും ശ്വസന നിരക്ക് വര്‍ധിച്ചതോതിലുമായിരിക്കും. ശരിയായ രീതിയില്‍ ചികില്‍സിച്ചില്ലെങ്കില്‍ താപശരീരശോഷണം സൂര്യാഘാതമായി മാറും.
സൂര്യാഘാതം തടയുന്നതിനായി കടുത്ത വെയിലുള്ള സമയങ്ങളില്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക, ശുദ്ധജലം ധാരാളം കുടിക്കുക, വെയിലത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുക, ചായ, കാപ്പി, മദ്യം തുടങ്ങിയവ പരമാവധി ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സുരക്ഷാമാര്‍ഗ രേഖയില്‍ പ്രതിപാദിക്കുന്നത്. കട്ടികുറഞ്ഞതും ഇളം നിറത്തിലുളളതും അയഞ്ഞതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പ്രഥമ ശുശ്രൂഷ
103 ഡിഗ്രിയില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉയരുക, ചര്‍മം വരണ്ടു പോകുക, ശ്വസന പ്രക്രിയ സാവധാനത്തിലാകുക, മാനസിക പിരിമുറുക്കം, തലവേദന, മസില്‍ പിടുത്തം കൃഷ്ണമണി വികസിക്കുക, ക്ഷീണം, ചുഴലിരോഗ ലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിന്റ പ്രധാന ലക്ഷണങ്ങള്‍ രോഗിയെ തറയിലോ കട്ടിലിലോ കിടത്തുക, ചൂട് കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക, കാലുകള്‍ ഉയര്‍ത്തി വയ്ക്കുക, നനഞ്ഞ തുണി ദേഹത്തിടുക ദ്രവരൂപത്തിലുളള ആഹാരങ്ങള്‍ നല്‍കുക എന്നിവയാണ് സൂര്യാഘാതമേല്‍ക്കുമ്പോള്‍ പ്രഥമ ശുശ്രൂഷയായി ചെയ്യേണ്ടത്.
Next Story

RELATED STORIES

Share it