സൂഫീ സാഹിത്യത്തിന്റെ ആത്മാവു തേടി

അഹ്മദ്കുട്ടി ശിവപുരം 1947-2018  -    കെ അബൂബക്കര്‍
മോയിന്‍കുട്ടി വൈദ്യരില്‍ തുടങ്ങിയ എന്റെ മാപ്പിളപ്പാട്ട് പഠനയാത്ര എപ്പോഴാണ് ഇച്ചമസ്താനില്‍ ചെന്നു വഴിമുട്ടിനിന്നത് എന്നറിയില്ല. അക്കാലത്താണ് അഹ്മദ്കുട്ടി ശിവപുരത്തിന്റെ അറിവിന്റെ ആഴം അനുഭവിക്കാന്‍ അവസരമുണ്ടായത്. മാപ്പിളമാര്‍ക്കിടയില്‍ മാപ്പിളപ്പാട്ട് പണ്ഡിതന്മാര്‍ക്കു വലിയ പഞ്ഞമൊന്നുമില്ല. എന്നാല്‍, ഇച്ചമസ്താന്‍ അപ്രാപ്യനാണെന്ന കാര്യത്തില്‍ അവരാരും സംശയാലുക്കളേയല്ല. വച്ചുനീട്ടുന്ന പുസ്തകം വാങ്ങിനോക്കി രണ്ടോ നാലോ വരികള്‍ മൂളിനോക്കി നിസ്സഹായതയില്‍ മുനിമാരായിത്തീരുകയായിരുന്നു പലരും. മാപ്പിളപ്പാട്ടുമായി സാമാന്യത്തില്‍ കവിഞ്ഞ ബന്ധമുള്ളവരുടെ പട്ടികയിലൊന്നും ഉള്‍പ്പെടാനിടയില്ലാത്ത ശിവപുരം ഇച്ചമസ്താന്‍ എഴുതിയ ഓരോ മൊഴി കടന്നുപോവുമ്പോഴും വാചാലനായി. അന്തസ്സാരശൂന്യമായ വാക്കുകള്‍ കൊണ്ടുള്ള കസര്‍ത്തായിരുന്നില്ല, സൂഫീ സാഹിത്യത്തിലെ സമാനങ്ങളായ ആശയങ്ങളിലൂടെയും നിഗൂഢ പ്രയോഗങ്ങളിലൂടെയുമുള്ള ആഴസഞ്ചാരമായിരുന്നു അത്.
സൂഫിസം നിശിതമായി വിമര്‍ശിക്കപ്പെടുകയും അതിന് എതിരുനില്‍ക്കുന്നത് പുരോഗമനവാദത്തിന്റെ കൊടിയടയാളമായി കണക്കാക്കപ്പെടുകയും ചെയ്തിരുന്ന കാലത്തായിരിക്കണം ശിവപുരം സൂഫീ സാഹിത്യത്തിന്റെ ആത്മാവുതേടിയുള്ള അന്വേഷണം ആരംഭിച്ചത്. നമ്മുടെ നാട്ടില്‍ സുപരിചിതമായിരുന്ന തരത്തിലുള്ള ആത്മീയാലോചനകളില്‍ പരിമിതമായിരുന്നില്ല ശിവപുരത്തിന്റെ അന്വേഷണം. സൂഫീ ചിന്തയും സൗന്ദര്യസങ്കല്‍പങ്ങളും ആത്മീയാനുഭൂതികളും ആവിഷ്‌കരിക്കപ്പെട്ട മൗലികരചനകളിലൂടെയുള്ള സൂക്ഷ്മാന്വേഷണമായിരുന്നു അത്. ഹല്ലാജ് പലര്‍ക്കും ഒരു കേട്ടുകേള്‍വിയാണ്. അദ്ദേഹത്തിന്റെ തവാസീന്‍ ഉള്‍പ്പെടെയുള്ള രചനകള്‍ സ്വന്തമാക്കുകയും എത്രയോ ഈരടികള്‍ നാവിന്‍തുമ്പില്‍ പ്രവഹിക്കാന്‍ തയ്യാറായിനില്‍ക്കുകയും ചെയ്തിരുന്ന ആസ്വാദകനായിരുന്നു ശിവപുരം.
ഫരീദുദ്ദീന്‍ അത്താറിന്റെ മന്‍ത്വിഖുത്ത്വയ്‌റ് ശിവപുരത്തിനു പ്രിയപ്പെട്ട ഒരു കാവ്യകൃതിയാണ്. ഒരു കൃതി തനിക്കു പ്രിയപ്പെട്ടതാവുമ്പോള്‍ അതു തനിക്ക് പ്രിയപ്പെട്ടവര്‍ക്കു കൂടി പ്രിയപ്പെട്ടതായിത്തീരുന്നത് കണ്ടിട്ടുണ്ട്. അക്കാര്യത്തില്‍ ജാതിമതഭേദമൊന്നുമില്ല. അങ്ങനെയാണു തന്റെ കവിയും സുഹൃത്തുമായ ഉണ്ണിനാണുനായര്‍ അത്താറിന്റെ ആരാധകനായിത്തീരുന്നത്. അതിന്റെ അനന്തരഫലം പക്ഷിസംഭാഷണം എന്ന പേരില്‍ ഒരു വിവര്‍ത്തിത കൃതി മലയാളത്തിനു ലഭിച്ചുവെന്നതാണ്. അതിരുകളില്ലാതെ കുതറിസഞ്ചരിക്കുന്ന ഭവനാശാലികളായ സൂഫീ എഴുത്തുകാരുടെ വിചിത്രങ്ങളായ ആലോചനാലോകങ്ങളിലൂടെ ദശാബ്ദങ്ങള്‍ നിരന്തരയാത്ര നടത്തിയിട്ടും തൗഹീദിന്റെ കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന വ്യക്തിപരമായ ജാഗ്രത വിസ്മയകരമാണ്.
കമ്മ്യൂണിസ്റ്റ് സമത്വസിദ്ധാന്തം ശിവപുരത്തെ വല്ലാതെ വശീകരിച്ച ഒരാശയമാണ്. മതാഭിമുഖ്യം കൈയൊഴിയാന്‍ കഴിയാതിരിക്കുകയും അതേസമയം അസമത്വത്തിനെതിരായ കലാപചിന്ത പിടിച്ചുലയ്ക്കുകയും ചെയ്ത ശിവപുരത്തിന് ഏറ്റവും പ്രിയപ്പെട്ട ചില വ്യക്തിത്വങ്ങളുണ്ട്. ബിലാലുബ്‌നു റവാഹ്, ഹാജറ തുടങ്ങിയവരാണ് അവര്‍. സൂഫിസത്തിന്റെ ആത്മീയലോകത്തു മേഞ്ഞുനടന്നിരുന്ന അദ്ദേഹത്തിന് പ്രിയപ്പെട്ട സമകാലിക എഴുത്തുകാരന്‍ അലി ശരീഅത്തിയായിരുന്നുവെന്നത് വിസ്മയമായി തോന്നാം. ഇസ്‌ലാമിന്റെ വിമോചകശേഷിയെ കുറിച്ച് ഏറെ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുള്ള വിപ്ലവകാരിയാണല്ലോ ശരീഅത്തി. അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്ന നിലയില്‍ ബിലാലും ഹാജറയുമൊക്കെ ഇസ്‌ലാമിന്റെ ആത്മീയതീരമണിഞ്ഞപ്പോള്‍ ആസ്വദിച്ച സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയുമൊക്കെ അനുഭവാവിഷ്‌കാരമാണ് എഴുത്തുകാരന്‍ എന്ന നിലയില്‍ ശിവപുരം നിര്‍വഹിച്ചിട്ടുള്ളത്. ബിലാലിന്റെ ഓര്‍മകള്‍, സംസം കഥ പറയുന്നു തുടങ്ങിയ കൃതികള്‍ നമുക്കു നല്‍കുന്ന വായനാനുഭവം അതാണ്. മക്കാ വിജയത്തിനുശേഷം കഅ്ബാലയത്തിനു മുകളില്‍ കയറി ബാങ്ക് വിളിക്കാനായി ബിലാലുബ്‌നു റവാഹ് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ആഹ്ലാദപ്രകടനത്തിന്റെ ഒരാവിഷ്‌കാരമുണ്ട് ബിലാലിന്റെ ഓര്‍മകളില്‍. മറക്കാനാവാത്ത വായനാനുഭവമാണത്.
ഇബ്രാഹീമീ സരണിയും ആ വഴിയില്‍ ഏകോപിച്ചുവരുന്ന വ്യത്യസ്ത പ്രവാചകരുടെ പ്രബോധനതത്ത്വങ്ങളുമാണ് ശിവപുരത്തിന്റെ പ്രധാനപ്പെട്ട ആലോചനാവിഷയങ്ങളിലൊന്ന്. മാനവിക ഐക്യത്തെക്കുറിച്ച് വളരെ വ്യതിരിക്തമായ ചില മതാത്മക ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പുസ്തകങ്ങളും ധാരാളം ലേഖനങ്ങളും അദ്ദേഹമെഴുതിയിട്ടുണ്ട്. അതിനായി പാതിരിമലയാളത്തിന്റെ പരിവേഷമുള്ള സവിശേഷമായ ഒരു ഭാഷയും രൂപപ്പെടുത്തിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ അവയൊന്നും വേണ്ടവിധം പഠിക്കപ്പെട്ടിട്ടില്ല. എന്നാല്‍, എല്ലാവരാലും അവഗണിക്കപ്പെട്ടു എന്നും പറഞ്ഞുകൂടാ. ശിവപുരത്തെ ആവേശത്തോടെ വായിക്കുന്ന ചില പ്രവാസികള്‍ അദ്ദേഹത്തിന്റെ അത്തരം കുറേ രചനകള്‍ ഓഡിയോ പുസ്തകമായി തയ്യാറാക്കുകയും ധാരാളം ശ്രോതാക്കളിലേക്ക് എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. ഭാഷകൊണ്ടും പ്രമേയംകൊണ്ടും ആശയംകൊണ്ടും മലയാളികള്‍ക്കു പൊതുവിലും മാപ്പിളമാര്‍ക്കു പ്രത്യേകിച്ചും സുപരിചിതമല്ലാത്ത ശിവപുരം രചനകള്‍ സൂക്ഷ്മമായ പഠനം അര്‍ഹിക്കുന്നുണ്ട്.
പ്രസിദ്ധീകരണശാലയില്‍ എവിടെയോ കിടക്കുന്ന അത്തരമൊരു കൃതിക്ക് അവതാരിക എഴുതണമെന്ന് അദ്ദേഹം എന്നോടു പറഞ്ഞപ്പോഴാണ് ഞാന്‍ അന്ധാളിച്ചുപോയത്. സാമാന്യബോധത്തില്‍ ഒരു അവതാരികകാരന് ഉണ്ടായിരിക്കേണ്ട മേല്‍വിലാസങ്ങളൊന്നും ഇല്ലാത്തതിനാല്‍ പ്രസാധകര്‍ എന്നെ തള്ളിക്കളഞ്ഞതുകൊണ്ടാണ് ഞാന്‍ രക്ഷപ്പെട്ടത്. അത്രമേല്‍ നിഷ്‌കളങ്കമായ സ്‌നേഹമൊഴുകിയിരുന്ന ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സൂഫിസത്തില്‍ നിന്നു സ്വായത്തമാക്കിയ ആ സ്‌നേഹം പ്രവാചകത്തിരുമേനിയെ കുറിച്ചുള്ള വിചാരത്തിലാണ് അനര്‍ഗളം പ്രവഹിച്ചിരുന്നത്. അതു മനുഷ്യരിലേക്കും മറ്റു ജീവജാലങ്ങളിലേക്കുമൊക്കെ പരന്നൊഴുകിയതിന്റെ അനുഭവങ്ങള്‍ ധാരാളമുണ്ട്.
ആ ജീവിതമാണ് ഇന്നലെ രാവിലെ അപ്രതീക്ഷിതമായി അവസാനിച്ചുപോയത്. വാര്‍ത്തയുടെ അപ്രതീക്ഷിതത്വം കാരണം, കേട്ടപ്പോള്‍ പകച്ചുപോയെങ്കിലും അമ്പരപ്പ് മാറിയപ്പോള്‍ സന്തോഷം തോന്നിയ മരണമാണ് പ്രഫ. അഹ്മദ്കുട്ടി ശിവപുരത്തിന്റേത്. ഏതാണ്ട് ഒരു മാസക്കാലത്തെ വ്രതജീവിതത്തിന്റെ വിശുദ്ധിയില്‍, നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നതുപോലെ ഒരു തിങ്കളാഴ്ച താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചിരുന്ന ദൈവസന്നിധിയിലേക്കുള്ള തിരിച്ചുപോക്കായിരുന്നു അത്. അതിനിടയില്‍ ഭൂമിയില്‍ രൂപപ്പെട്ടുവന്ന നമ്മുടെ സൗഹൃദം ഭൗതികാര്‍ഥത്തില്‍ മുറിഞ്ഞുപോയെങ്കില്‍ സങ്കടപ്പെടാന്‍ എന്തിരിക്കുന്നു?                                ി
Next Story

RELATED STORIES

Share it