Alappuzha local

സൂക്ഷ്മ സംരംഭങ്ങളിലൂടെ പുതിയ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കും: മന്ത്രി എ സി മൊയ്തീന്‍



ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ത്രീകള്‍ക്കടക്കം വീട്ടിലിരുന്നു ജോലി ചെയ്യാവുന്ന സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിച്ച് പുതിയ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. വ്യവസായ-വാണിജ്യ വകുപ്പ് പുന്നപ്ര വ്യവസായ പ്ലോട്ടില്‍ 13 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ബഹുനില വ്യവസായ സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉത്പാദനമേഖലയ്ക്ക് കൂടുതല്‍ പണം നീക്കിവയ്ക്കുന്നുണ്ട്. ഇത് ഫലപ്രദമായി വിനിയോഗിക്കുന്ന നിലയിലാണ് സൂക്ഷ്മവ്യവസായസംരംഭങ്ങള്‍ ആരംഭിക്കുക. പരിസ്ഥിതി സൗഹൃദമായ വ്യവസായങ്ങളാണെങ്കില്‍ സ്വകാര്യസംരംഭകര്‍ നടത്തുന്ന വ്യവസായ എസ്‌റ്റേറ്റുകളുടെ പശ്ചാത്തല-അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാകാം. സംസ്ഥാനത്ത് വ്യവസായം ആരംഭിക്കുന്നതിന് സ്ഥലത്തിന്റെ ലഭ്യതയാണ് പ്രധാനപ്രശ്‌നം. അതു പരിഹരിക്കാന്‍ വ്യവസായ വകുപ്പ് സ്ഥലം ഏറ്റെടുത്ത് കെട്ടിടവും റോഡുമടക്കം പശ്ചാത്തല സൗകര്യമൊരുക്കുകയാണ്. ബഹുനില സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത് ഇതിനായാണ്. അഭ്യസ്തവിദ്യര്‍ തൊഴില്‍ദാതാക്കളാകുന്ന സ്ഥിതി സൃഷ്ടിക്കുകയാണ്. പുതിയ സ്റ്റാര്‍ട്ടപ്പുകളും സ്ത്രീ സംരംഭങ്ങളും വിജയിക്കുന്നു. ഇതിലൂടെ തൊഴിലില്ലായ്ക്കു പരിഹാരം കാണാന്‍ കൂടിയാണ് ശ്രമം. 131 കോടി രൂപയായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 61 കോടിയായി കുറയ്ക്കാന്‍ ഒരു വര്‍ഷംകൊണ്ട് സര്‍ക്കാരിനായി. 13 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായി. തൊഴില്‍ പ്രശ്‌നം മൂലം ഒരു സ്ഥാപനങ്ങളും അടച്ചുപൂട്ടപ്പെട്ടിട്ടില്ല. വ്യവസായത്തിനാവശ്യമായ എന്‍ജിനീയര്‍മാരെയും ടെക്‌നോക്രാറ്റുകളെയും നല്‍കുകയെന്നത് അക്കാദമിക ബാധ്യതയാണെന്ന് യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 33 കെ വി സബ്‌സ്‌റ്റേഷന്റെ ശിലാസ്ഥാപനം മന്ത്രി പി തിലോത്തമന്‍  നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it