malappuram local

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; ജില്ലയില്‍ 161 സ്ഥാനാര്‍ഥികള്‍

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ 16 മണ്ഡലങ്ങളില്‍ ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. അതത് മണ്ഡലങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തില്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ 161 സ്ഥാനാര്‍ഥികളുടെ പട്ടിക അംഗീകരിച്ചു.
42 പേരുടെ പത്രികകള്‍ തള്ളി. ജില്ലയില്‍ ആകെ 203 പേരാണ് പത്രികകള്‍ സമര്‍പ്പിച്ചിരുന്നത്. കൊണ്ടോട്ടി-മൂന്ന്, ഏറനാട്-രണ്ട്, നിലമ്പൂര്‍- ഒന്ന്, വണ്ടൂര്‍-ഒന്ന്, മഞ്ചേരി- മൂന്ന്, പെരിന്തല്‍മണ്ണ-മൂന്ന്, മങ്കട-അഞ്ച്, മലപ്പുറം-നാല്, വേങ്ങര-അഞ്ച്, വള്ളിക്കുന്ന്-രണ്ട്, തിരൂരങ്ങാടി-രണ്ട്, താനൂര്‍-രണ്ട്, തിരൂര്‍-നാല്, കോട്ടക്കല്‍-മൂന്ന്, പൊന്നാനി-രണ്ട് എന്നിങ്ങനെയാണ് പത്രികകള്‍ തള്ളിയത്. തവനൂര്‍ മണ്ഡലത്തില്‍ ഒന്നും തള്ളിയിട്ടില്ല.
അതേസമയം, വോട്ടിങ് മെഷീനുകളുടെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഉദ്യോഗസ്ഥര്‍ സജ്ജരാവണമെന്ന് ജില്ലയിലെത്തിയ പൊതുനിരീക്ഷകര്‍ അറിയിച്ചു.
ജില്ലാ കലക്ടര്‍ എസ് വെങ്കടേശപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഒബ്‌സര്‍വര്‍മാര്‍, റിട്ടേണിങ് ഓഫിസര്‍മാര്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ യോഗത്തിലാണ് വോട്ടിങ് മെഷീനുകളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ഒബ്‌സര്‍വര്‍മാര്‍ നിര്‍ദേശിച്ചത്.
Next Story

RELATED STORIES

Share it