സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് : ഐപിഎസുകാരെ കുറ്റവിമുക്തരാക്കിയ നടപടിയില്‍ ഹൈക്കോടതിയുടെ വിമര്‍ശനം



ന്യൂഡല്‍ഹി: സുഹ്‌റബുദ്ദീന്‍ ശെയ്ഖ്, തുളസി റാം പ്രജാപതി എന്നിവരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ പ്രതികളായിരുന്ന മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ ഡി ജി വന്‍സാര, രാജ്കുമാര്‍ പാണ്ഡ്യന്‍, ദിനേശ് എം എന്‍ എന്നിവരെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി നടപടിയെ എന്തുകൊണ്ടാണു സിബിഐ മേല്‍ക്കോടതിയില്‍ ചോദ്യംചെയ്യാതിരുന്നതെന്നു ഹൈക്കോടതി ചോദിച്ചു. പ്രതികളെ കുറ്റവിമുക്തരാക്കിയതു ചോദ്യംചെയ്തു സുഹ്‌റബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണു കേസില്‍ സിബിഐ കൈക്കൊണ്ട മൃദുസമീപനത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 14 ഐപിഎസ് ഉദ്യോഗസ്ഥരെയാണ് ഇതുവരെ കുറ്റവിമുക്തരാക്കിയത്. എന്നാല്‍, സംഭവം നടക്കുമ്പോള്‍ അഹമ്മദാബാദ് കേസിലെ മുഖ്യസാക്ഷിയായ ഡിവൈഎസ്പിയായിരുന്ന നരേന്ദ്രകുമാര്‍ അമീനെ കുറ്റവിമുക്തനാക്കിയതിനെ മാത്രമാണു സിബിഐ കോടതിയില്‍ ചോദ്യംചെയ്തത്. ബാക്കിയുള്ളവരെ കുറ്റവിമുക്തരാക്കിയതു ചോദ്യംചെയ്തു ഹരജി സമര്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് ഉദ്ദേശ്യമുണ്ടോയെന്നു ജസ്റ്റിസ് രേവതി മൊഹിതെ ദേരെയുടെ ബെഞ്ച് ചോദിച്ചു. കേസ് ഈ മാസം 12നു വീണ്ടും പരിഗണിക്കും. അന്ന് ഇക്കാര്യത്തില്‍ പ്രതികരണം അറിയിക്കാനും സിബിഐക്കു കോടതി നിര്‍ദേശം നല്‍കി. എന്തുകൊണ്ടാണു പ്രതിചേര്‍ക്കപ്പെട്ട സബ് ഇന്‍സ്‌പെക്ടര്‍മാരെയും കോണ്‍സ്റ്റബിള്‍മാരെയും കുറ്റവിമുക്തരാക്കിയതിനെ മാത്രം സിബിഐ എതിര്‍ക്കുന്നതെന്നു കഴിഞ്ഞദിവസം കേസ് പരിഗണിക്കവെ ജഡ്ജി ചോദിച്ചിരുന്നു. കേസന്വേഷിച്ച സിബിഐയുടെ നടപടി ഹരജിക്കാരനായ  റുബാബുദ്ദീനെ വിഷമിപ്പിച്ചിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയതില്‍ നരേന്ദ്രകുമാറിനെതിരേ തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ നവംബറില്‍ സിബിഐ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഈ കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Next Story

RELATED STORIES

Share it