Flash News

സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് മുങ്ങുന്നു

ന്യൂഡല്‍ഹി: 91 സാക്ഷികള്‍ കൂറുമാറിയതോടെ ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉള്‍പ്പെട്ട സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് മുങ്ങുന്നു. 2010ല്‍ സിബിഐ ഏറ്റെടുത്ത കേസില്‍ 38 പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ വിചാരണ നേരിട്ടത് 22 പേര്‍ മാത്രം. അമിത്ഷാ, രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ, ഗുജറാത്തിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാര ഉള്‍പ്പെടെ 16 പേരെ പലപ്പോഴായി കേസില്‍ നിന്ന് ഒഴിവാക്കി. ഐപിഎസ് ഉദ്യോഗസ്ഥന്‍ വിപുന്‍ അഗര്‍വാളിനെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. വന്‍സാര ഉള്‍പ്പെടെ നാല് പോലിസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയത് ചോദ്യംചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളി. 176 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. ഇതില്‍ 91 പേരും മൊഴിമാറ്റി.
ബാക്കിയുള്ള വിചാരണ നേരിടുന്ന പ്രതികളില്‍ 22 പേരും ഗുജറാത്തിലെയും രാജസ്ഥാനിലെയും ഇന്‍സ്‌പെക്ടര്‍മാരും അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരും എസ്‌ഐമാരും കോണ്‍സ്റ്റബിള്‍മാരുമാണ്. ഗൂഢാലോചനാക്കുറ്റമാണ് ഇവര്‍ക്കെതിരേയുള്ളത്. പ്രധാന സാക്ഷികള്‍ കൂറുമാറിയതിനാല്‍ കേസ് ദുര്‍ബലമാവുമെന്ന് പ്രോസിക്യൂഷന്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ കേസ് ഇഴഞ്ഞുനീങ്ങുന്നതിനിടെ സുപ്രിംകോടതി ഇടപെട്ടാണ് വിചാരണ മുംബൈയിലേക്കു മാറ്റിയത്. ഒന്നിനു പിറകെ ഒന്നായി നാലു ജഡ്ജിമാരാണ് കേസ് കേട്ടത്. 2012 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ ജസ്റ്റിസ് ടി യു ഗുപ്ത കേസ് കേട്ടു. പിന്നീട് 2014 ജൂണില്‍ മരിക്കും വരെ ജസ്റ്റിസ് ബി എച്ച് ലോയയും കേസ് കേട്ടു. അമിത്ഷായോട് ഹാജരാവാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. തുടര്‍ന്നു വന്ന മദന്‍ ഗോസാവി അമിത്ഷായെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടു.
നിലവില്‍ സ്‌പെഷ്യല്‍ ജഡ്ജി എസ് ജെ ശര്‍മയ്ക്കു കീഴിലാണു വിചാരണ നടക്കുന്നത്. വിചാരണാനടപടികളുടെ മെല്ലെപ്പോക്കിനെ സുപ്രിംകോടതി വിമര്‍ശിച്ചതോടെ കഴിഞ്ഞ നവംബറിലാണ് വിസ്താരം തുടങ്ങിയത്. കേസ് നടത്തിവന്ന സുഹ്‌റബുദ്ദീന്റെ സഹോദരങ്ങളായ നയാബുദ്ദീനും റുബാബുദ്ദീനും ഇതിനിടെ 'അപ്രത്യക്ഷ'രായി. ഇരുവരുടെയും മൊഴിയെടുക്കേണ്ടിയിരുന്ന കഴിഞ്ഞ മാസം 4ന് രണ്ടുപേരെയും കാണാനില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രജാപതിയുടെ കേസ് നടത്തിവന്ന സഹോദരന്‍ പവന്‍കുമാര്‍ മരിച്ചതായി ഈ വര്‍ഷം ഫെബ്രുവരിയില്‍ സിബിഐയും കോടതിയെ അറിയിച്ചു. സുഹ്‌റബുദ്ദീന്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം മുതല്‍ മരണത്തിനു തൊട്ടുമുമ്പുള്ള ദിവസം വരെ രാജസ്ഥാനിലെ ജയിലിലായിരുന്നു പ്രജാപതി. ജയിലില്‍ തനിക്കു വധഭീഷണിയുണ്ടെന്നതും ഏതുസമയവും തന്നെ പോലിസ് കൊലപ്പെടുത്തിയേക്കുമെന്നുമുള്ള പ്രജാപതിയുടെ മൊഴികള്‍ പുറത്തുകൊണ്ടുവന്നതും പവന്‍കുമാര്‍ ആയിരുന്നു.
2005 നവംബറിലാണ് ബിജെപി അനുയായിയും അധോലോകബന്ധവുമുള്ള സുഹ്‌റബുദ്ദീന്‍ ശെയ്ഖിനെ നിരോധിത സംഘടനയായ ലശ്കറെ ത്വയ്യിബ അംഗമാണെന്നാരോപിച്ച് ഗുജറാത്ത് പോലിസ് വെടിവച്ചുകൊന്നത്. ഹൈദരാബാദില്‍ നിന്നു തട്ടിക്കൊണ്ടുപോയശേഷം സുഹ്‌റബുദ്ദീനെ വെടിവച്ചുകൊല്ലുകയായിരുന്നു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ കൗസര്‍ബിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു.
രണ്ടു കൊലപാതകങ്ങള്‍ക്കും സാക്ഷിയായ രാജസ്ഥാന്‍-ഗുജറാത്ത് പോലിസിന്റെ ഇന്‍ഫോര്‍മറും സുഹ്‌റബുദ്ദീന്റെ സുഹൃത്തുമായിരുന്ന പ്രജാപതി പിറ്റേ വര്‍ഷം ഡിസംബര്‍ 28നും കൊല്ലപ്പെട്ടു. ഈ കേസുകളെല്ലാം ഒന്നിച്ചാണ് സിബിഐ അന്വേഷിച്ചത്.



Next Story

RELATED STORIES

Share it