സുഹ്‌റബുദ്ദീന്‍: പ്രതികളെ വെറുതെവിട്ടത് നീതിയുടെ പരാജയം- മുന്‍ ജഡ്ജി

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത്ഷാ ആരോപണവിധേയനായ വിവാദമായ സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുരുതര ആരോപണങ്ങളുമായി ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി. സുഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളെ വെറുതെവിട്ടത് നീതിന്യായവ്യവസ്ഥയുടെ പരാജയമാണെന്ന് റിട്ട. ജഡ്ജി അഭയ് എം തിപ്‌സെ അഭിപ്രായപ്പെട്ടു. അതിനാല്‍ കേസില്‍ പുനരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രമുഖ ദേശീയ ദിനപത്രം ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് അഭയ് തിപ്‌സെയുടെ പ്രതികരണം. അഹ്മദാബാദ് ഹൈക്കോടതിക്കും ബോംബെ ഹൈക്കോടതിക്കും വീഴ്ചയുണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി.
സുഹ്‌റബുദ്ദീന്‍ കേസ് നേരത്തേ പരിഗണിച്ച മുന്‍ ജഡ്ജി ബി എച്ച് ലോയയുടെ ദുരൂഹമരണത്തില്‍ പുനരന്വേഷണം നടത്തണമെന്ന ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കേസില്‍ നീതിനിഷേധം നടന്നെന്ന ജഡ്ജിയുടെ വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാണ്.
സുഹ്‌റബുദ്ദീന്‍ കേസ് നേരത്തേ പരിഗണിച്ചിരുന്ന തിപ്‌സെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വിരമിച്ചത്. സുഹ്‌റബുദ്ദീനെ തട്ടിക്കൊണ്ടുപോയെന്നും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നുമാണ് നമുക്കറിയാവുന്നത്. എന്നാല്‍, സംഭവത്തില്‍ ഗുജറാത്തിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥരായ വന്‍സാരക്കും എം എല്‍ ദിനേശിനും രാജ്കുമാര്‍ പാണ്ഡ്യനും പങ്കില്ലെന്നും നാം വിശ്വസിക്കണം. ഒരു എസ്‌ഐക്കു മാത്രമായി മറ്റൊരു സംസ്ഥാനത്തു നിന്ന് ഒരാളെ തട്ടിക്കൊണ്ടുവരാനാവുമോ? മുകളിലുള്ള ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ താഴേത്തട്ടിലുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സുഹ്‌റബുദ്ദീനുമായി എങ്ങനെ ബന്ധപ്പെടാന്‍ കഴിയും. ഇതോടൊപ്പം എസ്പിമാര്‍ക്കെതിരേ കേസില്ലെന്നതും ഉന്നതര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നുവെന്ന സംശയം ജനിപ്പിക്കുന്നു.
ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേയും താഴ്ന്ന റാങ്കിലുള്ളവര്‍ക്കെതിരേയും ഒരേ തെളിവുകളാെണന്നിരിക്കെ ഉന്നതര്‍ ഒഴിവാക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുന്നു. ഒരേ കേസിലെ ഒരുകൂട്ടം പ്രതികള്‍ക്ക് വര്‍ഷങ്ങളോളം ജാമ്യം നിഷേധിക്കുക. പിന്നീട് അവര്‍ക്കെതിരേ പ്രഥമദൃഷ്ട്യാ കേസില്ലെന്ന് കോടതി വിധിക്കുക. ഇതൊക്കെ അസാധാരണമാണെന്നും അദ്ദേഹം ആരോപിച്ചു.
മൊത്തം 30 സാക്ഷികളില്‍ 22 പേരും കൂറുമാറിയ അസാധാരണ സംഭവവും ഈ കേസിലുണ്ടായി. ഈ കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ ഉത്തരവുകള്‍ പരിശോധിച്ചപ്പോള്‍ പല അസ്വാഭാവികതകളും ശ്രദ്ധയില്‍പ്പെട്ടു. കേസ് ബോംബെയിലേക്കു മാറ്റുമ്പോള്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരം നിയോഗിച്ച ജസ്റ്റിസ് ഉല്‍പതിനെ, കോടതിയെ പോലും അറിയിക്കാതെ സ്ഥലംമാറ്റിയത് മറ്റൊരു അസാധാരണ നടപടിയാണ്. പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി ഹൈക്കോടതിക്ക് പുനപ്പരിശോധിക്കാവുന്നതും ആവശ്യമെങ്കില്‍ സ്വമേധയാ കേസെടുക്കാവുന്നതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷാ, രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കടാരിയ ഉള്‍പ്പെടെയുള്ള 15 പേരെയാണ് വെറുതെവിട്ടത്. ഗുജറാത്തിലെ ഭീകരവിരുദ്ധ സ്‌ക്വാഡിലെ മുന്‍ ഡിവൈഎസ്പി എം പാര്‍മര്‍, ഡിജിപി വന്‍സാര, അഹ്മദാബാദ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നരേന്ദ്രകുമാര്‍ അമിന്‍, ഗുജറാത്തിലെ എസ്‌ഐ ബി ആര്‍ ചൗബെ എന്നിവരുടെ ജാമ്യാപേക്ഷ താനാണു പരിഗണിച്ചത്. ഇതില്‍ പാര്‍മര്‍, ചൗബെ എന്നിവരുടെ ജാമ്യാപേക്ഷ തള്ളുകയും അമിനും (2013ല്‍) വന്‍സാരയ്ക്കും (2014ല്‍) ജാമ്യം അനുവദിക്കുകയും ചെയ്തു. വന്‍സാരയ്ക്ക് ജാമ്യം നല്‍കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. കേസിലെ മറ്റു പ്രതികള്‍ക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പരമോന്നത കോടതിയുടെ നിരീക്ഷണങ്ങള്‍ തള്ളുന്നത് നീതിന്യായപരമായ അച്ചടക്കത്തിന്റെ ലംഘനമാണെന്നു കണ്ടാണ് വന്‍സാരയ്ക്ക് ജാമ്യം നല്‍കിയത്. വന്‍സാരയ്‌ക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും സംഭവം ഹീനമായ കുറ്റകൃത്യമാണെന്നും ജാമ്യം അനുവദിച്ചുള്ള വിധിന്യായത്തില്‍ ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് വിചാരണക്കോടതി ഇതു ശ്രദ്ധിക്കാതിരുന്നതില്‍ തനിക്കു വിഷമമുണ്ടെന്നും അഭയ് തിപ്‌സെ അഭിപ്രായപ്പെട്ടു.
2005 നവംബറിലാണ് അധോലോകബന്ധമുള്ള സുഹ്‌റബുദ്ദീന്‍ ശെയ്ഖിനെ കൊലപ്പെടുത്തിയത്. ലശ്കറെ ത്വയ്യിബ അംഗമാണ് സുഹ്‌റബുദ്ദീന്‍ എന്നായിരുന്നു ഗുജറാത്ത് പോലിസ് മാധ്യമങ്ങളോടു പറഞ്ഞത്. സുഹ്‌റബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും ഹൈദരാബാദില്‍ നിന്നു തട്ടിക്കൊണ്ടുപോയശേഷം വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് കേസ്.



Next Story

RELATED STORIES

Share it