സുഹ്‌റബുദ്ദീന്‍, പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസ്‌; കോടതിയില്‍ ഹാജരാവാത്ത നാലു പ്രതികള്‍ക്കെതിരേ വാറന്റ്

ന്യൂഡല്‍ഹി: സുഹ്‌റബുദ്ദീന്‍ ശെയ്ഖിനെയും തുളസിറാം പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടല്‍ സംഭവത്തിലൂടെ കൊലപ്പെടുത്തിയ കേസില്‍ നാലു പ്രതികള്‍ക്കെതിരേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഗുജറാത്ത് പോലിസ് ഓഫിസര്‍ മുകേഷ് പാര്‍മര്‍, രാജസ്ഥാന്‍ പോലിസ് ഓഫിസര്‍മാരായ ഹിമാന്‍ഷു സിങ് റാവത്ത്, ശ്യംസിങ് ചരണ്‍, മറ്റൊരു പ്രതി രാജേന്ദ്ര ജിറാവാല എന്നിവര്‍ക്കാണ് മുംബൈ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ് ജെ ശര്‍മ വാറന്റ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസം നടന്ന വിചാരണയ്ക്കിടെ ഇവരുടെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാവാതിരുന്നതോടെയാണ് കോടതിയുടെ നടപടി. കേസിന്റെ വിചാരണ അടുത്തമാസം നാലിനു വീണ്ടും നടക്കും. അന്നേ ദിവസം നാലുപേരെയും ഹാജരാക്കാന്‍ മുംബൈ സിബിഐ സൂപ്രണ്ടിനു കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ആരോപണവിധേയനായ ഈ കേസിലെ രണ്ടു സാക്ഷികള്‍ കൂടി കഴിഞ്ഞ ദിവസം കൂറുമാറി. കൊല്ലപ്പെടുന്നതിനു മുമ്പ് പ്രജാപതി തടവില്‍ കഴിഞ്ഞിരുന്ന ഉദയ്പൂര്‍ ജയില്‍ എസ്‌ഐ ആയിരുന്നയാളാണ് കൂറുമാറിയവരില്‍ ഒരാള്‍.
കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം ഉദയ്പൂരില്‍ നിന്നു പ്രജാപതിയെ അഹ്മദാബാദിലേക്കു കൊണ്ടുപോവുമ്പോള്‍ അദ്ദേഹത്തിന്റെ സുരക്ഷാസംഘത്തില്‍ താന്‍ വേണ്ടെന്ന് അറിയിച്ച് അന്നത്തെ ജില്ലാ പോലിസ് മേധാവി വിളിച്ചതായി നേരത്തേ ജയില്‍ എസ്‌ഐ മൊഴിനല്‍കിയിരുന്നു ഇദ്ദേഹം. എന്നാല്‍, ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കാതിരുന്നതോടെ അദ്ദേഹത്തെ കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു. 90 സാക്ഷികളുള്ള ഈ കേസില്‍ ഇതിനകം പ്രധാന സാക്ഷികളുള്‍പ്പെടെ 61 പേരാണ് കൂറുമാറിയത്.
Next Story

RELATED STORIES

Share it