സുഹൈലിനും മിഥുനും ഇത് മനക്കരുത്തിന്റെ പരീക്ഷ

കെ എം അക്ബര്‍
ചാവക്കാട്: മനക്കരുത്തില്‍ മാത്രം പ്രതീക്ഷ വച്ചായിരുന്നു സുഹൈലും മിഥുന്‍ കൃഷ്ണയും ഇന്നലെ എസ്എസ്എല്‍സി പരീക്ഷ എഴുതാനെത്തിയത്. ബാപ്പയുടെ ചേതനയറ്റ ശരീരം വീട്ടില്‍ കാത്തുകിടക്കുമ്പോഴാണ് സുഹൈല്‍ പരീക്ഷയെ നേരിട്ടതെങ്കില്‍ അച്ഛന്റെ ശവസംസ്‌കാര ചടങ്ങിനു ശേഷം നോവുന്ന മനസ്സോടെയായിരുന്നു മിഥുന്‍ കൃഷ്ണ പരീക്ഷയെ അഭിമുഖീകരിച്ചത്. എടക്കഴിയൂര്‍ സീതി സാഹിബ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും.
സുഹൈലിന്റെ പിതാവ് തിരുവത്ര ചീനിച്ചുവട് തണ്ണിതുറക്കല്‍ മൊയ്തീന്‍ (50) കാന്‍സര്‍ രോഗബാധിതനായി ചികില്‍സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരണത്തിനു കീഴടങ്ങിയത്. മകന്‍ പഠിച്ച് വലിയ നിലയിലെത്തണമെന്ന ആഗ്രഹമായിരുന്നു എപ്പോഴും ആ പിതാവിന്. അതുകൊണ്ടുതന്നെ ബന്ധുക്കളും അധ്യാപകരും സുഹൈലിനെക്കൊണ്ട് പരീക്ഷയെഴുതിക്കാന്‍ തന്നെ തീരുമാനിച്ചു. സുഹൈല്‍ പരീക്ഷയെഴുതി വരുന്നതുവരെ ഖബറടക്ക ചടങ്ങുകള്‍ നീട്ടിവയ്ക്കുകയും ചെയ്തു. വെറും 45 മിനിറ്റ് മാത്രം പരീക്ഷയെഴുതി സുഹൈല്‍ ഉപ്പയുടെ ഖബറടക്ക ചടങ്ങിനായി വീട്ടിലേക്ക് തിരിക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു. സുഹൈല്‍ വീട്ടിലെത്തിയ ഉടന്‍ തന്നെ മൊയ്തീന്റെ മൃതദേഹം ഖബറടക്ക ചടങ്ങിനായി കൊണ്ടുപോവുകയും ചെയ്തു.
അതേസമയം, മൂന്ന് ആഴ്ച മുമ്പ് പഞ്ചവടിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരിക്കെയാണ് മിഥുന്‍ കൃഷ്ണയുടെ അച്ഛന്‍ ചങ്ങന്‍കുഴി രവീന്ദ്രന്‍ (63) കഴിഞ്ഞ ദിവസം രാത്രിയോടെ മരിച്ചത്. സംസ്‌കാരം ഇന്നലെ ഉച്ചക്ക് 12.30ന് തീരുമാനിച്ചിരുന്നു. മിഥുന്‍ കൃഷ്ണയായിരുന്നു ശേഷക്രിയകള്‍ നടത്തിയത്. അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തിയ ശേഷം മിഥുന്‍ നേരെ പോയത് പരീക്ഷ എഴുതാനായിരുന്നു.
Next Story

RELATED STORIES

Share it