സുവാറസ് ഹാട്രിക്കില്‍ ബാഴ്‌സ കലക്കി

മാഡ്രിഡ്/ലണ്ടന്‍: സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ വിജയകുതിപ്പ് തുടര്‍ന്നപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ കിരീട വിജയികളായ ലിവര്‍പൂളിന് സമനിലകുരുക്ക് നേരിട്ടു. സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ഐബറിനെയാണ് ബാഴ്‌സലോണ തകര്‍ത്തത്.
ഉറുഗ്വേ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാറസിന്റെ ഹാട്രിക്കില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഐബറിനെതിരേ ബാഴ്‌സയുടെ തകര്‍പ്പന്‍ വിജയം. എന്നാല്‍, സ്വന്തം കാണികള്‍ക്കു മുന്നില്‍ സതാംപ്റ്റനാണ് ലിവര്‍പൂളിനെ സമനിലയില്‍ പൂട്ടിയത്. ഗോള്‍രഹിത ആദ്യപകുതിക്കു ശേഷം ലിവര്‍പൂളും സതാംപ്റ്റനും ഓരോ ഗോള്‍ വീതം നേടി പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു.
യുര്‍ഗന്‍ ക്ലോപ് പരിശീലകസ്ഥാനം ഏറ്റെടുത്തതിനു ശേഷം ലിവര്‍പൂളിന്റെ തുടര്‍ച്ചയായ മൂന്നാം സമനില കൂടിയായാണിത്. പ്രീമിയര്‍ ലീഗില്‍ ക്ലോപിന് കീഴില്‍ അന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്.
പരിക്കേറ്റ സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലെങ്കിലും തങ്ങള്‍ക്ക് വിജയകുതിപ്പ് തുടരാന്‍ കഴിയുമെന്ന് ബാഴ്‌സ ഒരിക്കല്‍ കൂടി ഫുട്‌ബോള്‍ ആരാധകര്‍ക്കു മുന്നില്‍ തെളിയിച്ചു കൊടുത്തു. 84ാം മിനിറ്റില്‍ ജാവിയര്‍ മസ്‌കരാനോ ചുവപ്പ് കാര്‍ഡ് കണ്ട് കളംവിട്ടതൊന്നും ബാഴ്‌സയെ ബാധിച്ചില്ല.
10ാം മിനിറ്റില്‍ ബോര്‍ജ ഗോണ്‍സാലസിലൂടെ ബാഴ്‌സയെ ഞെട്ടിച്ച് ഐബര്‍ മല്‍സരത്തില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍, സുവാറസ് ഹാട്രിക്കുമായി തിരിച്ചടിതോടെ ബാഴ്‌സ സ്വന്തം കാണികള്‍ക്കു മുന്നില്‍ ഉജ്ജ്വല ജയം കരസ്ഥമാക്കി. 21, 48, 85 മിനിറ്റുകളിലായിരുന്നു സുവാറസിന്റെ ഗോള്‍ നേട്ടം. സുവാറസിന്റെ രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കി ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറും കളിയില്‍ മികവ് കാണിച്ചു.
കളിയില്‍ പന്തടക്കത്തില്‍ ബാഴ്‌സയ്ക്കായിരുന്നു ആധിപത്യമെങ്കില്‍ ആക്രമിച്ചു കളിക്കുന്നില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമായിരുന്നു. ജയത്തോടെ ബാഴ്‌സ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള റയല്‍ മാഡ്രിഡിനൊപ്പമെത്തി. ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് ഇരു ടീമിനും 21 പോയിന്റ് വീതമാണുള്ളത്. എന്നാല്‍, ഗോള്‍ശരാശരിയുടെ പിന്‍ബലത്തില്‍ റയല്‍ ലീഗിലെ ഒന്നാംസ്ഥാനത്ത് തുടരുകയാണ്.
ലീഗിലെ മറ്റൊരു മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ അത്‌ലറ്റികോ മാഡ്രിഡ് 2-1ന് വലന്‍സിയയെ തോല്‍പ്പിച്ചു. ജയത്തോടെ സെല്‍റ്റയെ പിന്തള്ളി അത്‌ലറ്റികോ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.
അതേസമയം, 77ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ ബെന്റേക്കിലൂടെ സതാംപ്റ്റനെതിരേ ലിവര്‍പൂള്‍ മുന്നിലെത്തിയിരുന്നു. പക്ഷേ, ലിവര്‍പൂളിന്റെ വിജയമോഹങ്ങളെ ഒമ്പത് മിനിറ്റിനകം സാഡിയോ മാനെയിലൂടെ സതാംപ്റ്റന്‍ തല്ലികെടുത്തുകയായിരുന്നു.
ഇഞ്ചുറിടൈമില്‍ മാനെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് കളംവിടുകയും ചെയ്തു. സീസണില്‍ ലിവര്‍പൂളിന്റെ രണ്ടാം സമനിലയാണിത്. നിലവില്‍ 14 പോയിന്റുമായി ലിവര്‍പൂള്‍ ലീഗില്‍ ഒമ്പതാമും സതാംപ്റ്റന്‍ എട്ടാം സ്ഥാനത്തുമാണുള്ളത്.
Next Story

RELATED STORIES

Share it