malappuram local

സുവര്‍ണ ജൂബിലി : ഭാഷാ സെമിനാര്‍ പരമ്പര സംഘടിപ്പിക്കും- വൈസ് ചാന്‍സലര്‍



ചേളാരി: സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി വ്യത്യസ്ത ഭാഷാ പഠനവകുപ്പുകളുടെ സഹവര്‍ത്തിത്വത്തില്‍ ദേശീയ-അന്തര്‍ദേശീയ സഹകരണത്തോടെ കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ സെമിനാര്‍ പരമ്പര സംഘടിപ്പിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ അറിയിച്ചു. സംസ്‌കൃത പഠനവകുപ്പിലെ ഗവേഷകര്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമം പ്രഭാഷണ പരമ്പര  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹു ഭാഷാ പാരസ്പര്യത്തിലൂടെ പഠനമികവുയര്‍ത്തുകയും വിഭിന്ന സംസ്‌കൃതികളെ അടുത്തറിയുന്നതിന് വിദ്യാര്‍ഥികളെയും ഗവേഷകരെയും സഹായിക്കുകയുമാണ് ലക്ഷ്യം. സംസ്‌കൃതം, ഹിന്ദി, മലയാളം, ഇംഗ്ലീഷ്, അറബി തുടങ്ങിയ ഭാഷാവിഭാഗങ്ങള്‍ തമ്മിലുള്ള ബഹുപഠനശാഖാ സമന്വയ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര പഠനവകുപ്പുകളിലെ വിദ്യാര്‍ഥികളിലും ഭാഷാ, സാഹിത്യ തല്‍പരരായ നിരവധി വിദ്യാര്‍ഥികളുണ്ട്. അതിനാല്‍ കാംപസിലെ 35 പഠനവകുപ്പുകളുടെയും സഹകരണം ഉറപ്പാക്കുന്ന വിധത്തില്‍ പരിപാടികള്‍ തയ്യാറാക്കുമെന്നും ഡോ. കെ മുഹമ്മദ് ബഷീര്‍ അറിയിച്ചു. ഭാഷകള്‍ തമ്മിലുള്ള ആദാന-പ്രദാനങ്ങള്‍ ഉത്തമ സമൂഹനിര്‍മ്മിതിക്ക് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കൃത ഭാഷാ പഠനവിഭാഗത്തിലെ ഗവേഷകര്‍ മുന്‍കൈയ്യെടുത്ത് നടത്തുന്ന തുടര്‍ പരിപാടിക്ക് പ്രോല്‍സാഹനം നല്‍കും.  ‘കുട്ടികൃഷ്ണ മാരാരും സംസ്‌കൃത സാഹിത്യവും’ എന്ന വിഷയത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം ഡോ.അനില്‍ വള്ളത്തോള്‍ പ്രഭാഷണം നടത്തി. സംസ്‌കൃത പഠനവകുപ്പ് മേധാവി ഡോ. എന്‍ കെ സുരന്ദരേശ്വരന്‍ അധ്യക്ഷത വഹിച്ചു. ഭാഷാ വിഭാഗം ഡീന്‍ ഡോ.കെ കെ ഗീതകുമാരി, ഹിന്ദി വകുപ്പ് മേധാവി ഡോ. പ്രമോദ് കൊവ്വപ്രത്ത്, ഡോ. കെ കെ അബ്ദുല്‍ മജീദ്, എന്‍ നിമിഷ, സി പ്രീത സംസാരിച്ചു.
Next Story

RELATED STORIES

Share it