kozhikode local

സുരേഷ് ബാബു നോര്‍ത്തില്‍; ടി സിദ്ദീഖ് കുന്ദമംഗലത്ത്

കോഴിക്കോട്: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ പ്രതീക്ഷിച്ച മുഖങ്ങള്‍ തന്നെ ജില്ലയില്‍ മല്‍സരിക്കും. ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന കൊയിലാണ്ടിയില്‍ എന്‍ സുബ്രഹ്മണ്യനെ മാറ്റിയില്ല. സുബ്രഹ്മണ്യനു പുറമെ അഡ്വ. പി എം സുരേഷ്ബാബു (കോഴിക്കോട് നോര്‍ത്ത്), ടി സിദ്ധീഖ് (കുന്ദമംഗലം), ആദം മുല്‍സി (ബേപ്പൂര്‍), അഡ്വ. കെ പ്രവീണ്‍കുമാര്‍ (നാദാപുരം) എന്നിവരാണ് മല്‍സരരംഗത്തുള്ളത്.
കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ്ബാബുവിന് കോഴിക്കോട് നോര്‍ത്തില്‍ കന്നി അങ്കമാണ്. നിലവില്‍ കോഴിക്കോട് കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവായ സുരേഷ്ബാബു വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എ ല്‍ഡിഎഫ് സ്ഥാനാര്‍ഥി എ പ്രദീപ് കുമാര്‍ എംഎല്‍എയെ പരാജയപ്പെടുത്താന്‍ ജനസമ്മതനും പൊതുസ്വീകാര്യനുമായ സുരേഷ്ബാബുവിന് സാധിക്കുമെന്നാണ് ഡിസിസി വിലയിരുത്തല്‍.
കൊയിലാണ്ടി സ്ഥാനാര്‍ഥിയായ എന്‍ സുബ്രഹ്മണ്യനും കന്നി അങ്കം. ആറുവര്‍ഷമായി കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നു. അറുപതുകാരനായ സുബ്രഹ്മണ്യന്‍ കെഎസ്‌യുവിലൂടെയൊണ് പൊതുരംഗത്തെത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. അഡ്വ. കെ പി അനില്‍കുമാറിനു പകരം എന്‍ സുബ്രഹ്മണ്യനെ മല്‍സരിപ്പിക്കുന്നതില്‍ കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ട്.
മികച്ച യുവനേതാവും മുഖ്യമന്ത്രിയുടെ അടുപ്പക്കാരനുമായ സിദ്ദീഖ് കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കോഴിക്കോട് ലോ കോളജ് യൂനിറ്റ് പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷ പദവിയില്‍ നിന്ന് 2007 മുതല്‍ 2009 വരെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. സര്‍വസമ്മതനായ ടി സിദ്ദീഖിന് കോഴിക്കോടുള്ള സ്വാധീനം തന്നെയാണ് കുന്ദമംഗലത്ത് സീറ്റ് ലഭിക്കാനിടയാക്കിയത്. വിജയപ്രതീക്ഷയുള്ള ടി സിദ്ദീഖ് പ്രചരണങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നു.
ജില്ലയിലെ കോണ്‍ഗ്രസിന്റെ യുവനേതാക്കളില്‍ ശ്രദ്ധേയനായ അഡ്വ. കെ പ്രവീണ്‍കുമാര്‍ അദ്യമായാണ് മല്‍സര രംഗത്തിറങ്ങുന്നത്. കെഎസ്‌യു കൊയിലാണ്ടി താലൂക്ക് സെക്രട്ടറിയായി പൊതുരംഗത്തെത്തിയ പ്രവീണ്‍കുമാര്‍ മികച്ച സംഘാടകന്‍ കൂടിയാണ്. 1989ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ യുയുസിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സെക്രട്ടറിയായി. കെഎസ്‌യു ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ കെപിസിസി സെക്രട്ടറിയായ കെ പ്രവീണ്‍കുമാര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗമായും സേവനമനുഷ്ഠിച്ചു. എല്‍ഡിഎഫ് സിറ്റിങ് സീറ്റായ നാദാപുരത്ത് കോണ്‍ഗ്രസിന്റെ വിജയപ്രതീക്ഷ ഈ യുവാവിലാണ്.
കേരള വിദ്യാര്‍ഥി യൂണിയന്റെ നേതൃപദവിയില്‍ തുടങ്ങി ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം പി ആദംമുല്‍സിക്ക് ബേപ്പൂരില്‍ ഇത് രണ്ടാമൂഴം. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്പദവികള്‍ വഹിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it