സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ബിജെപി അനുഭാവിയായ മലയാള ചലച്ചിത്രതാരം സുരേഷ് ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ രാവിലെ 11 ഓടെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ഉപരാഷ്ട്രപതി അദ്ദേഹത്തിനു സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാള സിനിമയില്‍നിന്നു രാജ്യസഭാംഗമാവുന്ന ആദ്യ താരമാണു സുരേഷ് ഗോപി. നാമനിര്‍ദേശത്തിലൂടെ രാജ്യസഭയിലെത്തുന്ന ആറാമത്തെ മലയാളിയും. കലാമേഖലയില്‍നിന്നു നാമനിര്‍ദേശം ചെയ്യപ്പെട്ട താരത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷ്യംവഹിക്കാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എത്തിയിരുന്നു. ചടങ്ങിനു മുമ്പായി പ്രധാനമന്ത്രിയെ കണ്ട സുരേഷ് ഗോപി, മോദിയെ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു.
താരത്തെ മലയാളം സിനിമയിലെ സഹപ്രവര്‍ത്തകരായ മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ്, കാവ്യ മാധവന്‍, ജയറാം, പാര്‍വതി, ദിലീപ് എന്നിവര്‍ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. കഴിഞ്ഞ ആഴ്ചയാണു സുരേഷ് ഗോപി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച പത്തോളം പേരെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്കു നാമനിര്‍ദേശം ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ താരപ്രചാരകനാണ് സുരേഷ് ഗോപി.
ഉചിതമായ സന്ദര്‍ഭത്തില്‍ ബിജെപിയില്‍ അംഗത്വമെടുക്കുമെന്ന് കഴിഞ്ഞദിവസം താരം വ്യക്തമാക്കിയിരുന്നു. നാമനിര്‍ദേശം ചെയ്യപ്പെടുന്നവര്‍ക്ക് ആറുമാസത്തിനകം തങ്ങ ള്‍ക്ക് ഇഷ്ടമുള്ള പാര്‍ട്ടിയില്‍ ചേരാന്‍ അവസരമുണ്ട്.
Next Story

RELATED STORIES

Share it