സുരേഷ് ഗോപി എംപി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷനായി വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി രാജ്യസഭാ എംപിയും സിനിമാതാരവുമായ സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂനിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തനിക്കെതിരേ കള്ളക്കേസാണ് ക്രൈംബ്രാഞ്ച് എടുത്തതെന്ന് മുന്‍കൂര്‍ ജാമ്യഹരജിയില്‍ സുരേഷ് ഗോപി ആരോപിക്കുന്നു. പുതുച്ചേരിയില്‍ 2009 മുതല്‍ വീട് വാടകയ്ക്ക് എടുത്തിട്ടുണ്ട്. കൃഷി ഭൂമിയുമുണ്ട്. ബന്ധുക്കളാണ് കൃഷിഭൂമി കൈകാര്യം ചെയ്യുന്നത്. പുതുച്ചേരി രജിസ്‌ട്രേഷനില്‍ രണ്ടു ഒഡിക്യൂ7 കാറുകളാണ് തനിക്കുള്ളത്. ഇവയൊന്നും കേരളത്തില്‍ തുടര്‍ച്ചയായി ഉപയോഗിച്ചിട്ടില്ല. രാജ്യസഭാ എംപിയായതു മുതല്‍ ഒരു വാഹനം ഡല്‍ഹിയിലാണുള്ളത്. 2016 ഒക്ടോബര്‍ 25നു ശേഷം ഈ വാഹനം കേരളത്തിലേക്കു കൊണ്ടുവന്നിട്ടില്ല. അടുത്ത വണ്ടി ബംഗളൂരുവിലാണുള്ളത്. ഇങ്ങനെയൊരു കേസെടുത്തത്് തനിക്ക് അപമാനമുണ്ടാക്കുന്നതാണ്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. ഈ മാസം 15ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ തനിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് ഹരജി ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it